Skip to main content

റോഡ് തകര്‍ന്നതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ പ്രളയബാധിതര്‍ക്കുള്ള ഉജ്ജീവന വായ്പാ പദ്ധതി  നടപടി ബാങ്കുകള്‍ ത്വരിതപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

 

പ്രളയബാധിതരുടെ നഷ്ടമായ ഉപജീവന മാര്‍ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഉജ്ജീവന വായ്പാ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി ബാങ്കുകള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. രാജു ഏബ്രഹാം എംഎല്‍എയാണ് ഇതു സംബന്ധിച്ച വിഷയം യോഗത്തില്‍ ഉന്നയിച്ചത്. അടൂര്‍-ശാസ്താംകോട്ട റോഡില്‍ ഏഴാം മൈല്‍ മുതല്‍ കല്ലുകുഴി വരെ റോഡ് നവീകരിച്ചത് തകര്‍ന്നതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ശിപാര്‍ശ ചെയ്യാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയാണ് ഇതുസംബന്ധിച്ച വിഷയം ഉന്നയിച്ചത്. ചിറ്റാര്‍, സീതത്തോട് മേഖലയില്‍ ഉരുള്‍പൊട്ടലിന് ഇരയായവര്‍ക്ക് പട്ടയം ഇല്ലാത്തതിന്റെ പേരില്‍ സഹായം കിട്ടാതെ വരരുതെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. 

നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതിയില്‍ ളാഹയെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. പ്രളയം മൂലം ചെളി നിറഞ്ഞ റാന്നിയിലെ ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തി 50 ശതമാനം മാത്രമേ നടന്നിട്ടുള്ളു. ഇതു പൂര്‍ത്തിയാക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ചാലക്കയം വനത്തില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവരെ ളാഹ, മഞ്ഞത്തോട് ഭാഗത്ത് വനഭൂമി ലഭ്യമാക്കി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നിയമലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് കളക്ടര്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനാ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. റാന്നി ഉപാസന കടവില്‍ പ്രളയത്തിനിരയായവരില്‍ പുനരധിവാസം ആവശ്യമായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. റാന്നിയിലെ പാലത്തിന്റെ വര്‍ക്ക് അവാര്‍ഡ് ചെയ്തതായി പൊതുമരാമത്ത് നിരത്തു വിഭാഗം എംഎല്‍എയെ അറിയിച്ചു. 

എംഎല്‍എ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള പന്തളം കെഎസ്ആര്‍ടിസി യാര്‍ഡിന്റെ നവീകരണം ഉടന്‍ ടെന്‍ഡര്‍ ചെയ്യണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്ന കടമ്പനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നാലു കുടുംബങ്ങള്‍ക്ക് പുനര്‍നിര്‍മാണ ധനസഹായം ലഭ്യമാക്കണം. ശബരിമല തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പന്തളത്ത് യോഗം വിളിക്കണം.  അടൂര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി ജനുവരി അഞ്ചിനുള്ളില്‍ പൂര്‍ത്തീകരിക്കണം. അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം. ഇവി റോഡ്, കരുവാറ്റ-തട്ട റോഡ്, മണക്കാല-സീഡ്ഫാം റോഡ്, പന്തളം ചക്കാലവട്ടം മഹാദേവക്ഷേത്ര റോഡ് എന്നിവ നവീകരിക്കണം. പറക്കോട്-കൊടുമണ്‍ റോഡ് നിര്‍മാണത്തിന് 1.50 കോടി രൂപയുടെ ടെന്‍ഡറായി. കടയ്ക്കാട്-കൈപ്പട്ടൂര്‍ റോഡിലെ ഓടയ്ക്കു മുകളില്‍ സ്ലാബുകള്‍ ഇടണം. ആനയടി - കൂടല്‍ റോഡിന്റെ സര്‍വേ ഉടന്‍ പുനരാരംഭിക്കണം. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്‍പിലെ റോഡിലെ ഗര്‍ത്തം അടയ്ക്കുകയും ഓടയ്ക്കു മുകളില്‍ സ്ലാബ് ഇടുകയും വേണം. അടൂര്‍ ബൈപ്പാസില്‍ മതിയായ വെളിച്ചം ഉറപ്പാക്കുന്നതിന് പരിശോധന നടത്തണം. പള്ളിക്കല്‍, ചൂരക്കോട് എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി പരിഹാരം കാണണം. പന്തളത്ത് ഫയര്‍ സ്റ്റേഷനു സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് മുന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നല്‍കണം. പന്തളം കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി നഗരസഭ പ്രദേശത്തെ പൈപ്പ് ലൈന്‍ ഇല്ലാത്ത ഇടങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിന് പദ്ധതി തയാറാക്കണം.  ഏനാത്ത്- ഇളംഗമംഗലം തൂക്കുപാലം പുതുക്കി പണിയുന്നതു സംബന്ധിച്ച് സര്‍ക്കാരിലേക്ക് പദ്ധതി തയാറാക്കി നല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. 

കോന്നിയിലെ റോഡ് നവീകരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. മാമ്മൂട്-ചന്ദനപ്പള്ളി റോഡില്‍ ഇളകൊള്ളൂര്‍ ക്ഷേത്രം കഴിഞ്ഞുള്ള ഭാഗത്ത് റോഡിലെ കുഴി അടയ്ക്കണം. കുളത്തുമണ്‍ മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പിഎസ്‌സി മുഖേന പുതിയ ജീവനക്കാര്‍ വരുമ്പോള്‍ പുനരാരംഭിക്കണം. വള്ളിക്കോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം പണി ഉടന്‍ ആരംഭിക്കണം. പ്രളയ ശേഷം മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായി തകര്‍ന്ന മുറ്റക്കുഴി സദാനന്ദന്‍, ഭാഗികമായി തകര്‍ന്ന മുറിഞ്ഞകല്ലിലെ ബിനു, വിജയന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു.  

പ്രളയത്തിനിരയായവര്‍ക്ക് ധനസഹായം ലഭിക്കാത്തതു സംബന്ധിച്ച് പരാതികളുണ്ടെന്നും പരിഹാരം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയും വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ പങ്കെടുക്കണമെന്നും വിഷയം പഠിച്ച് കൃത്യമായ മറുപടികള്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 

തിരുവല്ല നഗരസഭ പ്രദേശത്ത് വൈകുന്നേരം അഞ്ചു മുതല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ പറഞ്ഞു. രാത്രി എട്ടിനു ശേഷമേ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്ക് സ്ഥലം എടുത്തു നല്‍കി ഒരു വര്‍ഷം കഴിഞ്ഞെന്നും പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയല്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീത സുരേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                    (പിഎന്‍പി 4207/18)

date