വനിതാമതില്‍ : വീണാജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു
നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ വനിതാമതിലില്‍ രാഷ്ട്രീയ-ജാതി-മത ഭേദമന്യേ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് വീണാജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. വനിതാമതില്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ ആറന്മുള നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ലിംഗസമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കുന്നതിനുള്ള മികച്ച അവസരമാണെന്നും വനിതാമതിലിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം ലോകമാതൃകയാകുമെന്നും എം.എല്‍.എ പറഞ്ഞു. മതനിരപേക്ഷമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വികസനമെന്ന ആശയവുമായി മുന്നോട്ട് പോകുന്നത്. സ്ത്രീ എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാകും വനിതാമതിലെന്നും എം.എല്‍.എ പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് എല്ലാ വനിതകളും പങ്കെടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു. വാഹനക്രമീകരണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ പഞ്ചായത്ത് തലത്തില്‍ സ്ത്രീകളെ വനിതാമതിലില്‍ പങ്കെടുപ്പിക്കുന്നതിനായി സംഘാടകസമിതിയേയും രൂപീകരിച്ചു.
കോഴഞ്ചേരി തഹസീല്‍ദാര്‍ ബി.ജേ്യാതി, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ജയദീപ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ: ടി.കെ.ജി നായര്‍, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ റ്റി.പി.സുന്ദരേശന്‍, കെപിഎംഎസ് പ്രതിനിധി ബിജു വര്‍ണശാല, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നവോത്ഥാനസംഘടനാപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 4212/18)
- Log in to post comments