Skip to main content

 സോളാർ ഫെൻസുകൾക്ക് ഓൺലൈൻ മോണിറ്ററിങ് പോർട്ടൽ ഒരുക്കി വനം വകുപ്പ്

 സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും വനം വകുപ്പ് വികസിപ്പിച്ചു.

സംസ്ഥാനത്ത് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസുകളുടെ പ്രവർത്തനക്ഷമത, അറ്റകുറ്റപ്പണികൾ, പരിശോധനകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ സമയമെടുക്കുന്നതും ശ്രമകരവുമായ പ്രക്രിയയായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് പുതിയ ഡിജിറ്റൽ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷൻ, സെക്ഷൻ പരിധികളിലുള്ള സോളാർ ഫെൻസുകളുടെ പ്രവർത്തന നില ഓൺലൈൻ പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ ഫെൻസുകളുടെ ദൈർഘ്യം, നാശനഷ്ടങ്ങൾ, അറ്റകുറ്റപ്പണികൾ, പരിശോധന രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തും. ഫോറസ്റ്റ് സ്റ്റേഷൻ, സെക്ഷൻ തലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ഓൺലൈൻ മോണിറ്ററിങ് പോർട്ടലിൽ സമാഹരിച്ച് ഡാഷ്ബോർഡിലൂടെ ലഭ്യമാക്കും. ഓരോ സോളാർ ഫെൻസ് സ്ട്രെച്ചിന്റെയും നിലവിലെ പ്രവർത്തന നില നിരീക്ഷിക്കാനും, അവസാന പരിശോധനയ്ക്ക് ശേഷം 48 മണിക്കൂറിലധികമായി പരിശോധിക്കാത്ത ഭാഗങ്ങൾ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകും.

ഫെൻസുകൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനും, പ്രവർത്തനരഹിതമായ ഭാഗങ്ങളിൽ ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനും പോർട്ടൽ വഴിയൊരുക്കും. ഒരൊറ്റ ക്ലിക്കിൽ സംസ്ഥാനത്തെ എല്ലാ സോളാർ ഫെൻസുകളുടെയും തത്സമയ പ്രവർത്തന അവലോകനം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് വനം വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 1830/2026

date