Skip to main content

യുവ ആപ്ത മിത്ര ദുരന്തനിവാരണ പരിശീലനം സമാപിച്ചു

 

 യുവ ആപ്ത മിത്ര പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വോളന്റിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടി  രണ്ടാം ഘട്ടം സമാപിച്ചു. പരിശീലനത്തിന്റെ സമാപന സമ്മേളനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ ജി പ്രാണ്‍സിംഗ്   മുഖ്യാതിഥിയായി പങ്കെടുത്തു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തിലും നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.

ഏഴ് ദിവസങ്ങളിലായി നടന്ന പരിശീലന ക്യാമ്പില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ആരോഗ്യ വകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫോറസ്റ്റ്, സര്‍പ്പ ടീം, സൈക്കോളജിസ്റ്റുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പരിശീലന സെഷനുകള്‍ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികള്‍, ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്), പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷ, സൈക്കോ സോഷ്യല്‍ കെയര്‍, ദുരന്താനന്തര മാനസിക-പെരുമാറ്റ വ്യതിയാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പരിശീലനവും അവബോധവും വോളന്റിയര്‍മാര്‍ക്ക് നല്‍കി.

ഹസാര്‍ഡ് അനലിസ്റ്റ് ലേഖ ചാക്കോ, ഡി.എം. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ആഷാ വി കെ മേനോന്‍, മൈ ഭാരത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് കെ.പി, അപ്ദ മിത്ര മാസ്റ്റര്‍ ട്രെയിനര്‍മാരായ ഇമ്രാന്‍ ഖാന്‍, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

date