സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കും: മന്ത്രി എം ലിജു സഹകരണവകുപ്പ് പരിസ്ഥിതി ദിനാഘോഷവും തണൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുത്ത് സഹകരണസംഘങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയായ തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ സഹകരണ മേഖലയുടെ 60 ശതമാനവും കയ്യാളുന്ന കേരളത്തിൽ നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സഹകരണ മേഖലയെ ശക്തിപ്പെടുത്തും. ഈ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. സഹകരണ വകുപ്പിൻ്റെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളുടെയും സഹകാരികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സഹകരണ നയം രൂപം കൊടുക്കും. വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഹരിക്കേണ്ട പരാതികൾ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാൻ നടപടി സ്വീകരിക്കും. പരാതിയുമായി വരുന്ന പാവപ്പെട്ടവർക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളെടുക്കാനും അനാവശ്യമായ വ്യവഹാരങ്ങൾ ഒഴിവാക്കി പരാതിക്കാരായ സാധാരണ മനുഷ്യരുടെ ദുഃഖങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ആർബിട്രേറ്റർമാർക്ക് നിർദേശം നൽകാൻ സഹകരണ സ്ഥാപന അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിയ്യൂർ സഹകരണ ബാങ്ക് പരിസരത്ത് മന്ത്രി മരങ്ങൾ നട്ടു. മരങ്ങൾ നട്ടാൽ പോരാ, അവ സംരക്ഷിക്കണമെന്നും പരിസ്ഥിതി സൗഹാർദപരമായ ജീവിത ശൈലികൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിയ്യൂർ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം പി.ആർ വർഗീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജൂബി ടി. കുരിയാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ പെല്ലിശ്ശേരി, കോർപ്പറേഷൻ കൗൺസിലർ ശാരി കിഷോർ, ചേർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. എൻ ഗോവിന്ദൻ കുട്ടി, തൃശ്ശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി നരേന്ദ്രൻ, വിയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി മോഹനൻ, സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ എം.കെ അബ്ദുൾ സലാം, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ ഉണ്ണി കൃഷ്ണൻ, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് എ. കെ സതീഷ് കുമാർ, കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി.പി ഷിനോജ് എന്നിവർ പങ്കെടുത്തു.
- Log in to post comments