44 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കർമ്മപഥത്തിലേയ്ക്ക്
കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 21-എ ബാച്ചിലെ 44 റിക്രൂട്ട് വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് അഭിവാദ്യം സ്വീകരിച്ചു.
ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനമാണ് ഇവർക്ക് നൽകിയത്. സജന യൂസഫ് നയിച്ച പരേഡിൻ്റെ സെക്കൻഡ് ഇൻ കമാൻഡ് എം. ഷഫ്ന ആയിരുന്നു. ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി പുരസ്കാരം വിതരണം ചെയ്തു.
മികച്ച ഇൻഡോർ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടത് ജെ. ഫാത്തിമബീവി യാണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി സജന യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. വൈ. മാജിതയാണ് മികച്ച ഷൂട്ടർ. മികച്ച ആൾ റൗണ്ടറായി സി.എം ഫസല തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയവ പോലീസിൻ്റെ മാനവിക മുഖത്തിൻ്റെ സാക്ഷ്യം കൂടിയാണ്.
കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി.പി കെ. സേതുരാമൻ, ജനപ്രതിനിധികൾ, ഉന്നത പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments