Skip to main content

സെൻസസ് 2027: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന 2027 ദേശീയ സെൻസസുമായി ബന്ധപ്പെട്ട് സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. സെൻസസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിച്ച ക്വിസ് മത്സരം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ വി ആർ പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിന് സെൻസസ് ഡയറക്ടറേറ്റ് മാസ്റ്റർ ട്രെയിനർ കെ ശ്രീകുമാർ നേതൃത്വം നൽകി. സെൻസസ് പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ഇക്കണോമിക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സെൻസസ് 2027, സെൽഫ് എന്യുമറേഷൻ എന്നി സംബന്ധിച്ച വിദ്യാർഥികൾക്ക് അവബോധം പകരുന്ന സെഷനുമുണ്ടായിരുന്നു. ഡോ. ആർ പ്രിയ, ഡോ. വിഷ്ണു ശ്രീവത്സൻ എന്നിവർ പങ്കെടുത്തു. ആലപ്പുഴ തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിന് സംസ്ഥാന സെൻസസ് ഡെ. ഡയറക്ടർ വി സി നിഷ നേതൃത്വം നൽകി. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ക്വിസ് മത്സരത്തിന് സെൻസസ് ഡയറക്ടറേറ്റ് മാസ്റ്റർ ട്രെയിനർ കെ ശ്രീകുമാർ നേതൃത്വം നൽകി.

2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെ നടക്കും. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും. ഈ ഘട്ടത്തിൽ ഓരോ വ്യക്തിയെയും എണ്ണുകയും അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. സെൻസസ് 2027 മായി ബന്ധപ്പെട്ട് വ്യക്തികൾക്ക് സ്വയം കുടുംബത്തിന്റെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ (എസ്ഇ) സൗകര്യം ജൂൺ 16 ന് ആരംഭിക്കും. ജൂൺ 30 വരെയാണ്  സെൽഫ് എന്യുമറേഷൻ സൗകര്യം ലഭിക്കുക.
(പിആർ/എഎൽപി/1097)
.

date