കാലവര്‍ഷം: പ്രതിരോധനടപടികള്‍ ശക്തമാക്കണം- മന്ത്രി എന്‍ ഷംസുദ്ദീന്
കാലവര്‍ഷത്തെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധനടപടികള്‍ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുളള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ ജില്ല തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍/ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചു. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ 627 മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. തുടര്‍ന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവ നീക്കം ചെയ്യണമെന്ന നിര്‍ദേശവും നല്കി. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളിലെ ഓരോ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെയും കീഴില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ തയ്യാറാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും ജില്ലയില്‍ സജ്ജമായി.
ഡെങ്കിപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, കോട്ടോപ്പാടം, തെങ്കര, പാലക്കാട് നഗരസഭാ പരിധിയിലെ അകത്തേത്തറ, പുതുപ്പരിയാരം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വീടുകളില്‍ വലിയ പാത്രങ്ങളില്‍ വെള്ളം പിടിച്ചുവെയ്ക്കുന്നത്, ചെടിച്ചട്ടികളിലും ഫ്രിഡ്ജിന് പുറകിലെ ട്രേകളിലും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ, പൊതുയിടങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയവ കൊതുക് പ്രജനനത്തിന് കാരണമാകും. ഈ സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അതീവശ്രദ്ധ പാലിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും നിര്‍ദേശിച്ചു. മഴക്കാലരോഗവ്യാപന സാഹചര്യത്തിന് മുന്‍ഗണന നല്കി, കൊതുകിനെ നശിപ്പിക്കുന്ന ലായനി ഉണ്ടാക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ ലഭ്യത ഉറപ്പാക്കാന്‍ പൊതുവിതരണ വകുപ്പിനെ ചുമതലപ്പെടുത്തി.
ജില്ലയിലെ 987 സ്കൂളുകളില്‍ 963 എണ്ണത്തിനും ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്. ബാക്കി സ്കൂളുകളില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ നിര്‍ദേശിച്ച അറ്റക്കുറ്റപണി ഉടന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഫിറ്റ്നസ് അനുവദിക്കും. സ്കൂളുകളില്‍ അപകടാവസ്ഥ പൂര്‍ണമായും ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കര്‍ശനമായി നിര്‍ദേശിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ മിക്കയിടങ്ങളില്‍ വൈദ്യുതി തകരാര്‍, അനുബന്ധപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തെ ചെറുക്കാന്‍ ദ്രുത പ്രതികരണ സേന (ആര്.ആര്.ടി)യുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്; പട്രോളിങും ശക്തമാക്കി. റോഡുകളിലെ വെള്ളക്കെട്ട് പരിഹരിച്ച് ഗതാഗതയോഗ്യമാക്കാനും ആവശ്യമായ അപകടസാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. പട്ടികജാതി- പട്ടികവര്‍ഗ മേഖലകളില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കും. അടിയന്തരസാഹചര്യം ഉണ്ടായാല്‍ ക്യാമ്പിലേക്ക് മാറ്റുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പരിചരണം ഉറപ്പാക്കണം. ദുരന്തനിവാരണത്തിന് അനിവാര്യമായ മണ്ണ് മാന്തിയന്ത്രങ്ങള്‍, ട്രക്ക്, ഹിറ്റാച്ചി, ജനറേറ്റുകള്‍ എന്നിവയുടെ ലഭ്യത, ആംബുലന്‍സ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, ഇതരആവശ്യങ്ങള്ക്കുള്ള വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനും നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. സുധീര്‍, എ.ഡി.എം കെ സുനില്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments