Skip to main content

സെന്‍സസ്: ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിക്കും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

രാജ്യത്തെ 16- ാമത് ജനസംഖ്യകണക്കെടുപ്പിന്റെ പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതല്‍ 31 വരെ നടക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പുറപ്പെടുവിച്ചു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ സെന്‍സസ് ഉത്തരവുകളില്‍/നിര്‍ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള കാരണങ്ങള്‍ ഒഴികെ സെന്‍സസ് ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയോ മാറ്റിനിയമിക്കുകയോ പിന്‍വലിക്കുകയോ പകരം നിയമനം നടത്തുകയോ ചെയ്യരുത്. സെന്‍സസ് ചുമതല നിര്‍വഹിക്കുന്ന ജീവനക്കാരെ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുത്. സെന്‍സസ് പ്രവര്‍ത്തന കാലയളവില്‍ സെന്‍സസ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍/ജീവനക്കാര്‍ക്ക് വ്യക്തിയുടെയോ അടുത്ത ബന്ധുക്കളുടെയോ (അടുത്ത ബന്ധു എന്നാല്‍ ജീവനക്കാരുടെ ഭര്‍ത്താവ്/ഭാര്യ/കുട്ടികള്‍/അച്ഛന്‍/അമ്മ എന്നിവര്‍) രോഗകാരണത്താല്‍ രേഖകളുടെയും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടു കൂടി, ജീവനക്കാരന് ഏതെങ്കിലും പൊതു/വകുപ്പുതല പരീക്ഷകളില്‍ പങ്കെടുക്കേണ്ടതുണ്ടെങ്കില്‍ അന്നേ ദിവസത്തേക്ക് മാത്രം, വനിതാ ജീവനക്കാരുടെ പ്രസവാവശ്യത്തിന് എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കരുത്. അടിയന്തര സാഹചര്യമില്ലാതെ സെന്‍സസ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്യൂമറേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും നിയോഗിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനാക്കാരുടെയും പരിശീലനം ആരംഭിച്ചിട്ടുണ്ട്.  

 

date