Skip to main content

കേര പദ്ധതി: കര്‍ഷക കൂട്ടായ്മ രാജ്യാന്തര വിപണിയിലേക്ക്

ചെറുകിട കര്‍ഷകരെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാര്‍ഷിക ഉല്‍പന്നങ്ങളെ  ദേശീയ - അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയന്‍സ് സ്‌കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയന്‍സിന്റെ ഭാഗമാകും. പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയന്‍സിനും അനുവദിക്കും.
ജില്ലയിലെ കര്‍ഷ കൂട്ടായ്മകള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി പന്തളം ഷൈന്‍ ടൂറിസ്റ്റ് ഹോട്ടലില്‍ കേര കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു കെ. മാത്യുവിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ് ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍-ചാര്‍ജ് സി. പുഷ്പ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് മാനേജര്‍ ഡോ.എം.നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കര്‍ഷക കമ്പനികളെ പ്രതിനിധീകരിച്ച് സുകുമാരന്‍ ആചാരി (കേരള കണ്‍സോര്‍ഷ്യം എഫ്.പി.സി.), മനോജ് എസ് (പമ്പാവാലി എഫ്.പി.സി.) എന്നിവര്‍ പങ്കെടുത്തു. കേര പ്രോജക്ട് കണ്‍സള്‍ട്ടന്റ് ജിഷ്ണു സുരേഷ് പോര്‍ട്ടല്‍ പരിചയപ്പെടുത്തി. പ്രോജക്ട് കണ്‍സള്‍ട്ടന്റ് ബയാനുസ്സമാന്‍ നന്ദി അറിയിച്ചു.
 

 

date