സ്‌കൂളുകളില്‍ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കം
പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂളുകളില്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് 'ഹരിത വിദ്യാലയം' ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ശുചിത്വ മിഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ മാലിന്യ നിര്‍മാര്‍ജനം, ഉറവിട മലിനീകരണ നിയന്ത്രണം, പുനരുപയോഗം എന്നിവ കുട്ടികളിലേക്ക് പ്രായോഗിക രീതികളില്‍ എത്തിക്കുകയാണ് ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ സ്‌കൂളിലെ ഓരോ ക്ലാസ് മുറികളും സന്ദര്‍ശിച്ച് അരമണിക്കൂര്‍ കുട്ടികളുമായി സംവദിക്കും. വിവിധ തരം മാലിന്യങ്ങള്‍ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നം, ജൈവ-അജൈവ മാലിന്യങ്ങള്‍ ശരിയായി വേര്‍തിരിക്കേണ്ടതിന്റെ പ്രായോഗിക രീതി, മാലിന്യ സംസ്‌കരണത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക പ്രാധാന്യം എന്നിവ ഹരിതകര്‍മസേനാംഗങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിക്കും.
മാലിന്യശേഖരണത്തിന് നല്‍കുന്ന യൂസര്‍ ഫീയുടെ പ്രാധാന്യവും സാമൂഹിക ഉത്തരവാദിത്തം, അജൈവ മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം, മാലിന്യ സംസ്‌കരണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് തുടങ്ങിയ സന്ദേശങ്ങളും കുട്ടികളിലേക്ക് എത്തിക്കും.
തങ്ങള്‍ക്ക് ഇനി ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദവുമായ നല്ല നിലവാരമുള്ള വസ്തുക്കള്‍ പരസ്പരം കൈമാറാനുള്ള അവസരം സ്വാപ്പ് ഷോപ്പ് കൗണ്ടറിലൂടെ ഒരുക്കും. വീട്ടില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന പുസ്തകങ്ങള്‍, കുടകള്‍, ജിയോമെട്രി ബോക്‌സുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ സ്‌കൂളില്‍ എത്തിക്കുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണനിലവാരവും മൂല്യവും പരിശോധിച്ച് കുട്ടികള്‍ക്ക് പ്രത്യേക 'പേപ്പര്‍ ടോക്കണുകള്‍' നല്‍കും. ഈ ടോക്കണുകള്‍ ഉപയോഗിച്ച് സ്വാപ്പ് ഷോപ്പില്‍ ലഭ്യമായിട്ടുള തങ്ങള്‍ക്ക് ആവശ്യമുള്ള മറ്റേതെങ്കിലും സാധനം കുട്ടികള്‍ക്ക് സ്വന്തമാക്കാം. പണമിടപാടുകളില്ലാതെ പൂര്‍ണമായും ടോക്കണ്‍ വ്യവസ്ഥയിലാണ് ഷോപ്പിന്റെ പ്രവര്‍ത്തനം.
ഒരു സാധനം കേടുപാട് കൂടാതെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
- Log in to post comments