Skip to main content
 ജെൻസിയുടെ മനസ്സറിയാൻ ജില്ലാഭരണകൂടം; 'കളം' ഇൻററാക്ടീവ് പ്ലാറ്റ്‌ഫോമിന് തുടക്കമായി 

 ജെൻസിയുടെ മനസ്സറിയാൻ ജില്ലാഭരണകൂടം; 'കളം' ഇൻററാക്ടീവ് പ്ലാറ്റ്‌ഫോമിന് തുടക്കമായി 

 

പുതുതലമുറയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഭരണ നിർവഹണം നടത്താനായി ജില്ലാ ഭരണകൂടവും ജില്ലയിലെ വിദ്യാർഥികളും തമ്മിൽ പരസ്പര ആശയവിനിമയത്തിനായി ആവിഷ്‌ക്കരിച്ച 'കളം' ഇൻററാക്ടീവ് പ്ലാറ്റ്‌ഫോമിന് പുതിയ വിദ്യാഭ്യാസ വർഷത്തിൽ തുടക്കമായി. 

ജില്ലാ കളക്ടർ പി വിഷ്ണുരാജിൻൈറ നേതൃത്വത്തിലുള്ള പദ്ധതിയുടെ നടത്തിപ്പിന് അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്. പിന്തുണ നൽകുന്നു. 
നിരന്തരം ആശയ വിനിമയത്തിലൂടെ വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുക, അവരിൽനിന്ന് ഏറ്റവും പുതിയ ആശയങ്ങൾ സ്വീകരിക്കുക എന്നിവയാണിതിന്റെ ലക്ഷ്യം. ഒപ്പം ലഹരി ഉപയോഗം, ലൈംഗിക അതിക്രമങ്ങൾ, ഫോൺ അഡിക്ഷൻ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ സംവദിക്കും. പദ്ധതിയുടെ തുടക്കമായി കണ്ണൂർ ഗവ. ടൗൺ സ്‌കൂൾ, മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം,  എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ബുധനാഴ്ച്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജുമായി സംവദിച്ചു. 

കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും ആശയവിനിമയ കഴിവുകളും വളർത്തുന്നതിനായി വിവിധ കളികളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ചിത്രങ്ങളടങ്ങിയ പേപ്പറുകൾ നൽകി അവ അടിസ്ഥാനമാക്കി കഥകൾ രൂപപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചതും പരിപാടിയുടെ പ്രത്യേകതയായി.

പ്രശ്‌നങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്കും കുട്ടികൾക്കും സഹായവും പരിഹാരവും ലഭ്യമാക്കുന്നതിനായി വിവിധ ഹെൽപ്ലൈൻ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും പരിപാടിയിൽ പരിചയപ്പെടുത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി എസ് സന്നിഹിതയായി. 

വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തി ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ പ്രചോദനം നൽകാനാണ് 'കളം' ലക്ഷ്യമിടുന്നത്.

date