ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരായ വിപുലമായ ക്യാംപയിന്‍ ജൂണ്‍ 17ന് ആരംഭിക്കും
മണ്‍സൂണ്‍ കാലത്ത് പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരായി ജില്ലാ ഭരണകൂടം വിപുലമായ ബോധവത്ക്കരണ ക്യാംപയിന്‍ നടത്തും. ജൂണ്‍ 17 മുതല്‍ 30 വരെയാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രതിരോധ ക്യാംപയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അടിയന്തര യോഗം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
ഹോട്ടലുകള്‍, തട്ടുകട തുടങ്ങിയ എല്ലാ ഭക്ഷണശാലകളിലും കര്‍ശനമായ പരിശോധന നടത്താനും നിയമലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പും പിന്നീടും ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമനടപടികളിലേക്കും പോകും. ജനങ്ങളുടെ പങ്കാളിത്തത്തോടെ വൃത്തിയും ശുചിത്വവും ആരോഗ്യകരമായ സമൂഹത്തിന് അത്യാവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിന്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുടിവെള്ളം പരിശോധിക്കുക, കൃത്യമായ ഇടവേളകളില്‍ സ്‌കൂളുകള്‍, വീടുകള്‍, പൊതുവിടങ്ങള്‍ ഇവയിലെ ജലം ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയെല്ലാം ക്യാംപയിന്റെ ഭാഗമായി നടക്കും. സ്‌കൂളുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ കൃത്യമായ ഷെഡ്യൂള്‍ തയാറാക്കി പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കുകയും ബോധവത്ക്കരണം നല്‍കുകയും ചെയ്യും.
ക്യാംപയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കും. ജനങ്ങള്‍ക്ക് വീടും പരിസരവും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വൃത്തിയും ശുചിത്വവുമുള്ളതാക്കി സൂക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, അതുവഴി മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ തടയുക എന്നതാണ് ക്യാംപയിന്റെ ലക്ഷ്യം.
- Log in to post comments