ഇറച്ചിക്കോഴി മേഖലയില്‍ സ്വയംപര്യപ്തത കൈവരിക്കാന്‍ സാധിക്കണം - മുഖ്യമന്ത്രി
ഇറച്ചികോഴി മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക്‌സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യായവിലക്ക് കോഴിയിറച്ചി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്ന കോഴിയില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കാരണമായി തീരുന്നു. അതുകൊണ്ടാണ് നമുക്ക് വേണ്ട കോഴിയിറച്ചി നാം തന്നെ ഉല്‍പാദിപ്പിക്കേണ്ട സാഹചര്യം വന്നത്. പച്ചക്കറി ഉല്‍പാദനത്തിലേക്ക് നമ്മള്‍ കടക്കാനുളള കാരണവും ഇതായിരുന്നു. പ്രളയം ഉണ്ടായിരുന്നില്ലെങ്കില്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കേരളത്തിന് കഴിയുമായിരുന്നു. കര്‍ഷകനും കച്ചവടക്കാരനും ഉപഭോക്താവിനും ഒരു പോലെ സ്വീകര്യമായ രീതിയിലാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകനും കച്ചവടക്കാരനും നല്‍കും. അപ്രതീക്ഷിതമായുണ്ടാകുന്ന നഷ്ടം നികത്താനുള്ള മാര്‍ഗവും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശുദ്ധമായ മാംസോല്‍പാദനം ഉറപ്പുവരുത്തുന്നരീതിയില്‍ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉല്‍പാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരപ്പെടുത്തുക. കോഴിമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ബ്രീഡര്‍ ഫാമുകള്‍ 6,000 വളര്‍ത്തുഫാമുകള്‍, 2,000 കടകള്‍ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കടകളില്‍ 87 രൂപക്കും 90 രൂപക്കും ഇടയില്‍ കോഴികളെ ജീവനോടെയും 140150 രൂപ നിരക്കില്‍ കോഴിയിറച്ചിയും വര്‍ഷം മുഴുവന്‍ ലഭ്യമാക്കും. കമ്പോളവില താഴുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. ഇറച്ചിക്കോഴി വളര്‍ത്തലിന് കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കാന്‍ സൊസൈറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. കര്‍ഷകന് ന്യായമായ ലാഭം ഉറപ്പാക്കുന്ന തരത്തില്‍ ഉല്‍പാദനമേഖലയില്‍ ഇടപെടും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബ്രോയ്ലര്‍ മേഖലയിലെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും എക്സിബിഷനും നടത്തിയിരുന്നു.
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ. രാജു അധ്യക്ഷത വഹിച്ചു. വെങ്കിട്വേശര ഹാച്ചറീസ് ഡി.ജി.എം ഡോ. നാഗഭൂഷണ്‍, ഏവിയേഷന്‍ ഇന്ത്യ നാഷണല്‍ സെയില്‍സ് മാനേജര്‍ ഡോ. രാമകൃഷ്ണ എന്നിവര്‍ കോഴികുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിന്റെ പ്ലാന്റ് സ്റ്റോക്ക് ധാരണപത്രം മുഖ്യമന്ത്രിക്ക് കൈമാറി. എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, നഗരസഭ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, കെ.പി.എഫ്.എ സംസ്ഥാന സെക്രട്ടറി ഖാദറലി വറ്റല്ലൂര്‍, ബി.പി.എഫ്.എഫ് വയനാട് ജില്ല സെക്രട്ടറി പി.ജി. പ്രത്യൂഷ്, പാലക്കാട് ജില്ല സെക്രട്ടറി ഷൗക്കത്തലി അധികാരത്തില്‍, കോഴിക്കോട് ജില്ല സെക്രട്ടറി ടി. നാരായണന്‍ കേരളചിക്കന്‍ പദ്ധതി ഡയറക്ടര്‍ ഡോ.കെ.എന്‍. ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments