ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് പ്രഥമ പരിഗണന - മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ 676 ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ കൈമാറി
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. താനൂര്‍ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലയിലും പ്രത്യേക സെന്ററുകള്‍ തുടങ്ങുമെന്നും ഇതിനായി സര്‍ക്കാര്‍ തുക നീക്കിവച്ചതായും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുതകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ഇത്തരം കുട്ടികളെ മാജിക് പഠിപ്പിക്കുന്ന പദ്ധതിയിലൂടെ നല്ല മാറ്റമുണ്ടാക്കാനായിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഭിന്നശേഷിക്കാരുടെ പ്രശ്ന പരിഹാരത്തിനായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. കുട്ടികളിലെ ഭിന്നശേഷി പ്രശ്നങ്ങള്‍ ജനന സമയത്തു തന്നെ കണ്ടെത്തി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനായാണ് വൈകല്യമുക്തി സെന്ററുകള്‍ ഓരോ ജില്ലകളിലും സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് തലങ്ങളില്‍ സേവനത്തിനായി 25 മൊബൈല്‍ യൂനിറ്റുകള്‍ കൂടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ അലിംകോ 50 ലക്ഷം രൂപ ചെലവില്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെ താനൂരില്‍ മാത്രം 676 ഭിന്നശേഷിക്കാര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
2017 സെപ്തംബറില്‍ പൊ•ുണ്ടത്ത് നടത്തിയ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സഹായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. വീല്‍ചെയര്‍,ക്ലച്ചസ്, കാലിപേഴ്സ്, ട്രൈസിക്കിള്‍, റോളറ്റേഴ്സ്, എം.എസ്.ഐ.ഡി കിറ്റ്, കൃത്രിമ കൈകാലുകള്‍ തുടങ്ങിയ സഹായ ഉപകരണങ്ങളാണ് അനുവദിച്ചത്.
വി അബ്ദുറഹ്മാന്‍ എം.എല്‍.എ നടപ്പാക്കുന്ന 'എന്റെ താനൂര്‍' പദ്ധതിയുടെ ഭാഗമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് 100 ഭിന്നശേഷി കുട്ടികള്‍ ഒരേസമയം കേക്ക് മുറിച്ചു. കേക്ക് മുറിക്കല്‍ കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാറും സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് മുഴുവന്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും കേക്ക് മധുരം പകര്‍ന്നു.
ചടങ്ങില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍ മുഖ്യാതിഥിയായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ സാമൂഹിക നീതി ഓഫീസ് സൂപ്രണ്ട് കെ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
- Log in to post comments