Skip to main content

സെന്‍സസ്: സ്വയം വിവരങ്ങള്‍ ഇന്ന് (ജൂണ്‍ 16) മുതല്‍ നല്‍കാം ഓരോ പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകണം : ജില്ല കലക്ടര്‍

 

സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാന്‍ (സെല്‍ഫ്-എന്യുമറേഷന്‍ ) ഇന്ന് (ജൂണ്‍ 16) മുതല്‍ ജൂണ്‍ 30 വരെ സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ ചെയ്യാം. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ഭവനപട്ടികപ്പെടുത്തല്‍. രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവനപട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.
 സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ  സ്ഥാപനങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വയം കണക്കെടുപ്പ് നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യാപകമായ പ്രചാരണം ഉറപ്പാക്കുന്നതിന്  നടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനം. ആദ്യ ഘട്ടത്തില്‍ ഭവന പട്ടികപ്പെടുത്തലും രണ്ടാം ഘട്ടത്തില്‍ ജനസംഖ്യ കണക്കെടുപ്പും. പൂര്‍ണമായും സാങ്കേതിക വിദ്യയില്‍ ഊന്നിയ രാജ്യത്തെ ആദ്യ സെന്‍സസാണ്. പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങളിലൂടെയാണ്  രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും സ്ഥായിയായ വികസനം ഉറപ്പാക്കുന്നതും. സെന്‍സസില്‍ കൃതമായ വിവരം നല്‍കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു.  

സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം

https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും.  കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.

 

date