Skip to main content

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും: കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനായി ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി  കൃഷന്‍ പാല്‍ ഗുര്‍ജാര്‍. താനൂര്‍ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. അതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ്. രാജ്യത്ത് ഇതിനകം 10ലക്ഷത്തോളം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. താനൂരിലേത് 414-ാമത്  ക്യാമ്പാണ്.ആധുനിക സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത കൃത്രിമ കൈകാലുകള്‍ ജര്‍മ്മനിയില്‍ നിന്ന് ലഭ്യമാക്കാന്‍ തുടങ്ങിയതായും ഇംഗ്ലണ്ടിലെ മോട്ടിവേഷന്‍ കമ്പനിയുമായി കരാറായതായും കേന്ദ്ര മന്ത്രി പറഞ്ഞു.
അഞ്ച് വയസ്സില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങളാണ് നല്‍കുന്നത്. വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയുമുണ്ട്. 'സുഗമ്യഭാരത യജ്ഞം'ത്തിലൂടെ ഭിന്നശേഷിക്കാര്‍ക്കായി റെയില്‍വെ സ്റ്റേഷനുകള്‍,ബസ സ്റ്റാന്‍ഡുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നേരത്തെയുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തി. വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം അഞ്ചാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 21 തരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ ഭിന്നശേഷി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.       

date