എട്ട് മാസത്തിനുള്ളില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും - മന്ത്രി കെ.കെ ശൈലജ ടീച്ചര്‍
എട്ട് മാസത്തിനുള്ളില്‍ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈ-ടെക്ക് രീതിയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കെട്ടിടം നിര്‍മിക്കുമെന്നും ആധുനിക സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ശക്തപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഏറ്റവും മികച്ച സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനാണ് പ്രാഥമികാരോഗ്യ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതെന്നും ചടങ്ങിലെ അധ്യക്ഷനായ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ജനസൗഹൃദ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് ആര്‍ദ്രം ദൗത്യം ലക്ഷ്യമിടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യുക എന്നതാണ് ആര്‍ദ്രം ദൗത്യത്തിലെ പ്രധാന പ്രവര്‍ത്തനം.
ചടങ്ങില്‍ 'കേരളത്തിന്റെ ആരോഗ്യവും ആര്‍ദ്രം ദൗത്യവും' എന്ന വിഷയത്തില്‍ ആര്‍ദ്രം സംസ്ഥാന പരിശീലകന്‍ ഡോ. സഞ്ജീവ് സെമിനാര്‍ അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത മുഖ്യ പ്രഭാഷണം നടത്തി. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറയ്ക്കല്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, ഡി.എം.ഒ സക്കീന, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments