അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
തദ്ദേശീയ മത്സ്യങ്ങളുടെ വംശവര്‍ധനവ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഊത്തപിടിത്തം തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ജില്ലയില്‍ പരക്കെ റെയ്ഡ് നടത്തി അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മൂര്‍ക്കനാട് പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി, വടക്കുമുറി ഭാഗങ്ങളിലെ പാടങ്ങളും തോടുകളും കേന്ദ്രീകരിച്ചും പുലാമന്തോള്‍ പഞ്ചായത്തിലെ പാലൂര് കൊള്ളിത്തോട് എന്നീ പ്രദേശങ്ങളിലുമാണ് ഫിഷറീസ് വകുപ്പ് പ്രത്യേക പട്രോളിങ് നടത്തിയത്. പാടങ്ങളിലും തോടുകളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന നിരവധി മത്സ്യബന്ധന വലകളാണ് പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചത്.
പ്രജനന കാലത്ത് നടത്തുന്ന ഇത്തരം ഊത്തപിടിത്തം കാരണം വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ ആറ്റുവാള, പുലിവാഹ (വാഹവരാല്‍), വാളക്കണ്ണി, ചോരക്കണ്ണി തുടങ്ങിയ മത്സ്യങ്ങള്‍ വന്‍തോതില്‍ പിടിക്കപ്പെടുകയും അവയുടെ എണ്ണം വന്‍തോതില്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂര്‍ക്കനാട്, പുലാമന്തോള്‍ പ്രദേശങ്ങളില്‍ നടത്തിയ ഈ പരിശോധനയ്ക്ക് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശിഹാബുദ്ദീന് നേതൃത്വം നല്കി. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ അബ്ദുല്‍ നവാസ്, വിനീത, പ്രവീണ്‍, ശരീഫ് എന്നിവരും പങ്കെടുത്തു.
- Log in to post comments