Skip to main content

കുളമ്പ് രോഗമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

#എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി#

മൃഗങ്ങളുടെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രസക്തമാണെന്നും കുളമ്പ് രോഗമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്നതാണ് മുഖ്യലക്ഷ്യമെന്നും മൃഗസംരക്ഷണം ക്ഷീരവികസനം വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയ്‌നിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളീയ ശൈലിയിലെ അടിസ്ഥാന ഘടകമാണ് മൃഗസംരക്ഷണം. പണ്ട് കാലത്ത് മൃഗങ്ങളിൽ നിന്ന് വേറിട്ട ഒരു ജീവിതം മലയാളികൾക്കില്ലായിരുന്നു. പുതിയ ബജറ്റിൽ മൃഗസംരക്ഷണത്തിന് നല്ല തുക മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തമായിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളമെന്നും, കേരളത്തിൽ അതിവേഗ നഗരവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ പരിപാലിക്കണമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

ഏഴാം ഘട്ടത്തിലെ കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. എട്ടാം ഘട്ടത്തിലെ കുളമ്പുരോഗ പ്രതിരോധത്തിന്റെ ആദ്യ കുത്തിവെയ്പ്പ് ഇരുമന്ത്രിമാരുടേയും സാന്നിധ്യത്തിൽ ട്രെയ്‌നിംഗ് സെന്ററിന് മുന്നിൽ നടന്നു.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഷീബ ജോർജ്ജ്, വകുപ്പ് ഡയറക്ടർ സിന്ധു.കെ, ഡയറി ഡവലപ്പ്‌മെന്റ് വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, അഡീഷണൽ ഡയറക്ടർ വിന്നി ജോസഫ്, പ്രൊജക്ട് കോർഡിനേറ്റർ ഷീല സാലി.റ്റി.ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

date