Skip to main content

 ബജറ്റിൽ തൊഴിൽ മേഖലയ്ക്ക് 650.46 കോടി

* ഗിഗ് തൊഴിലാളികൾക്കും പരമ്പരാഗത മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങൾ

* ഗ്ലോബൽ ജോബ് വാച്ച് ടവർ' തുറന്നിടുന്നത് വൻ തൊഴിലവസരങ്ങൾ

2026-27 പുതുക്കിയ സംസ്ഥാന ബജറ്റിൽ തൊഴിൽ മേഖലയ്ക്കും തൊഴിലാളി ക്ഷേമത്തിനുമായി 650.46 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാന വിഹിതത്തിന്റെ ആദ്യഘട്ടമായി 1422.60 കോടി രൂപയും ബജറ്റിൽ മാറ്റിവച്ചു.

ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യം മുൻനിർത്തി 'ഓഫീസ് വെൽനസ്' പദ്ധതികളും നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന പുതിയ നിർമാണ-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിൽ അതത് തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തും. ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി യുവാക്കളെ സജ്ജരാക്കുന്നതിനായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' സ്ഥാപിക്കും. വയോജന-രോഗീപരിചരണ രംഗത്തെ അന്താരാഷ്ട്ര തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് ആറുമാസ ദൈർഘ്യമുള്ള 'കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകളും' ആരംഭിക്കും.

കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കായി വരുമാനസഹായ പദ്ധതി നടപ്പാക്കും. മൺപാത്ര നിർമാണ മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മുന്നറിയിപ്പുകളും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക വേതനസഹായം നൽകും. വനിതാ മത്സ്യവിപണന തൊഴിലാളികൾക്കായി 'ഷീ സ്‌കൂട്ടർ' പദ്ധതിയും നടപ്പാക്കും.

പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 1,000 രൂപയായി വർധിപ്പിച്ചു. ഇതിനായി 13.30 കോടി രൂപ വകയിരുത്തി. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3,000 രൂപ വർധിപ്പിച്ച് 12,000 രൂപയാക്കി. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ ഓണറേറിയത്തിലും വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 2097/2026

date