അക്ഷരക്കരുത്തിന്റെ കഥ പറഞ്ഞ് ജില്ലാ കളക്ടര്‍
ദേശീയ വായനാദിന-മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വ്വഹിച്ചു
'ഇന്ന് വായനാദിനത്തിന്റെ ഈ പരിപാടി കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ ആരൊക്കെ ഒരു പുതിയ പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങും? അയ്യന്തോള്‍ ഗവ. എച്ച്.എസ്.എസിലെ വേദിയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് ചിരിച്ചുകൊണ്ട് ആ ചോദ്യം ചോദിച്ചപ്പോള്‍ മുന്നിലിരുന്ന കുട്ടികള്‍ക്കിടയില്‍ പെട്ടെന്നൊരു നിശബ്ദത പടര്‍ന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം, ഒരൊറ്റ മനസ്സോടെ നൂറിലധികം കുരുന്നുകൈകള്‍ വായുവിലുയര്‍ന്നു, സദസ്സില്‍ നിന്ന് ആവേശത്തോടെയുള്ള തലകുലുക്കലുകള്‍ ഉയര്‍ന്നു. ഔദ്യോഗിക പദവികളുടെ ഗാംഭീര്യമെല്ലാം മാറ്റിവെച്ച്, കുട്ടികളോട് ഒരു കൂട്ടുകാരിയെപ്പോലെ കളക്ടര്‍ സംവദിച്ചപ്പോള്‍ അത് വെറുമൊരു ഉദ്ഘാടന ചടങ്ങല്ല, മറിച്ച് അറിവിന്റെ വലിയൊരു അക്ഷരോത്സവമായി മാറി. 'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ദേശീയ വായനാദിന - മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് ഇത്തരത്തില്‍ ഹൃദ്യമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകര്‍ പറഞ്ഞുതന്നിരുന്ന കഥകളിലൂടെയാണ് വായനയുടെ ലോകത്തേക്ക് എത്തിയത്. പിന്നീട് സ്വന്തമായി കഥാപുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയപ്പോള്‍ കിട്ടിയത് വാക്കുകള്‍ക്കപ്പുറമുള്ള വലിയൊരു അനുഭൂതിയാണ്. ഒരിക്കല്‍ ആ അക്ഷരക്കൂട്ടിലേക്ക് ഇറങ്ങിച്ചെന്നാല്‍ പിന്നെ തിരിച്ചുപോരാന്‍ ഒട്ടും തോന്നില്ല. നാട്ടിലെ വായനശാലയില്‍ നടന്നുപോയി മത്സരബുദ്ധിയോടെ പുസ്തകങ്ങള്‍ എടുത്തു വായിക്കുമായിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികള്‍ വായനശാലകളില്‍ പോകുന്നതും പുസ്തകങ്ങള്‍ എടുക്കുന്നതുമൊക്കെ വളരെ കുറവായിരുന്നു. എങ്കിലും അക്ഷരങ്ങളോടുള്ള ആ വാശിയാണ് എന്നെ മുന്നോട്ട് നയിച്ചത്. ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ ഒരു കളക്ടറായി നില്ക്കുന്നുണ്ടെങ്കില് അതിന് ഒരേയൊരു കാരണമേയുള്ളൂ അത് വായനയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ നീണ്ട കരഘോഷം.
കളക്ടര്‍ നിറഞ്ഞ മനസ്സോടെ കുട്ടികള്‍ തന്നെ കൈപ്പടയിലെഴുതിയ തങ്ങളുടെ 'വായനച്ചെപ്പ്' എന്ന കയ്യെഴുത്ത് പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ കുഞ്ഞുങ്ങളുടെ സന്തോഷം ഇരട്ടിയായി. എഴുത്തില്‍ പങ്കാളികളായ കുരുന്നുകളെ വേദിയില്‍ വിളിച്ച് അഭിനന്ദിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ വേദിയില്‍ നിന്നും മടങ്ങിയത്.
ചടങ്ങില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് അധ്യക്ഷനായി. സാഹിത്യകാരനും പ്രസാധകനുമായ കെ.ജെ ജോണി വായനാദിന സന്ദേശം നല്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വിതരണോദ്ഘാടനം പി.ആര്.ഡി തൃശ്ശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ് നിര്‍വ്വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി എന്‍.പി. രാമചന്ദ്രന് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബദറുദ്ദീന്‍ ഗുരുവായൂര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന്, പട്ടം ജി. രാമചന്ദ്രന് നായര്‍ രചിച്ച പി.എന്‍ പണിക്കരുടെ ജീവചരിത്രം സ്കൂള്‍ ലൈബ്രറിയിലേക്ക് ഫൗണ്ടേഷന് ഭാരവാഹികള്‍ കൈമാറി.
ചടങ്ങിന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി കെ.ജി. ബാബുരാജ് സ്വാഗതവും പി.ആര്.ഡി അസിസ്റ്റന്റ് എഡിറ്റര്‍ കെ.സി ഹരിദാസ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) രോഹിത് നന്ദകുമാര്‍, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ശ്യാംലാല്‍, അയ്യന്തോള്‍ ഗവ. എച്ച്.എസ്.എസ് പ്രധാനാധ്യാപിക എ.കെ. അനീന, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധി എം.എ സാദിഖ്, പി.ആര്.ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. കാര്‍ത്തിക, പി.ടി.എ പ്രസിഡന്റ് ബി. അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്, കുടുംബശ്രീ മിഷന് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments