Skip to main content

ജില്ലാ കലക്ടറുമായി സംവദിച്ച് വിദ്യാര്‍ഥികള്‍

 

    അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആസ്പയര്‍ സിവില്‍ സര്‍വീസസ് ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി സംവദിച്ചു.  ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കലക്ടര്‍ മറുപടി നല്‍കി.  കഠിനാധ്വാനത്തിലൂടെമാത്രമേ  വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കലക്ടര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.  അര്‍പ്പണ ബോധവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ ജീവിത വിജയം നേടാനാവുകയൂള്ളൂ.  താന്‍ സിവില്‍ സര്‍വീസ് മേഖലയിലേക്ക് എത്താനുണ്ടായ സാഹചര്യവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കലക്ടര്‍ വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ കൗതുകത്തോടെ കേട്ടു നിന്നു.  രാജസ്ഥാന്‍ സ്വദേശിനിയും കലക്ടറുടെ നാട്ടുകാരിയുമായ വിദ്യാര്‍ഥിനി സപ്ന ബാനുവിന്റെ ചോദ്യങ്ങള്‍ കലക്ടറില്‍ താല്‍പര്യം ഉണര്‍ത്തി.
    കുട്ടികളില്‍ മത്സര ക്ഷമതയും മൂല്യ ബോധവും വളര്‍ത്തി എടുക്കുകയും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തേക്ക് അവരെ ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സംരംഭമാണ് സുല്ലമുസ്സലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍സ്.  ഒഴിവ് ദിനങ്ങളില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റികളാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത്.  കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, ജയശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

date