പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 21 ന്; പ്രവേശനം ജൂൺ 22, 23 തീയതികളിൽ
പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് ജൂൺ 22 ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല.
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 23 ന് വൈകിട്ട് 5 ന് മുമ്പ് സ്കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണ്ടതാണ്.
മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് സ്കൂളുകളിൽ പ്രവേശനത്തിന് എത്തിച്ചേരണ്ടതാണ്.
സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ ജൂൺ 22 മുതൽ 23 വൈകിട്ട് 5 മണി വരെ ആയിരിക്കും
രണ്ടാം അലോട്ട്മെന്റിനോടൊപ്പം സ്പോർട്സ് ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലെ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പി.എൻ.എക്സ്. 2126/2026
- Log in to post comments