Skip to main content

ഡ്രൈഡേ ആചരിച്ചു

പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊതുകുകളുടെ ഉറവിട നശീകരണം ലക്ഷ്യമാക്കി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡ്രൈഡേ ആചരണം സംഘടിപ്പിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം എല്ലാ ശനിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ പരിപാടി സംഘടിപ്പിച്ചത്.
ഡ്രൈഡേയുടെ ഭാഗമായി ഓഫീസുകളുടെയും പരിസരപ്രദേശങ്ങളുടെയും സമഗ്ര ശുചീകരണം നടത്തി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, പ്ലാസ്റ്റിക്കപ്പുകള്‍, ചിരട്ടകള്‍,പൂച്ചട്ടികളുടെ ട്രേകള്‍ തുടങ്ങിയവ പരിശോധിച്ച് വെള്ളം ഒഴുക്കിക്കളയുകയും കൊതുകു വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മേല്‍ക്കൂരകള്‍, മഴവെള്ള സംഭരണികള്‍, കെട്ടിടങ്ങളുടെ പിന്നാമ്പുറങ്ങള്‍ എന്നിവയും പ്രത്യേകം പരിശോധിച്ചു.

ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യരോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍ക്കരണവും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബിജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ആഴ്ചയില്‍ ഒരിക്കല്‍ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു റ്റി.കെ വിശദീകരിച്ചു.
കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈഡേ ആചരണംതുടര്‍ന്നും എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കൃത്യമായി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതന്‍ അറിയിച്ചു. ജനങ്ങളും സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണമെന്നും,പകര്‍ച്ചവ്യാധി പ്രതിരോധനിയന്ത്രണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊര്‍ജ്ജിത ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ മറ്റ് ഓഫിസുകളും നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.ഓരോ വകുപ്പും നടപ്പിലാക്കേണ്ട പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതായും ജില്ലാസര്‍വൈലന്‍സ് ഓഫീസര്‍ അറിയിച്ചു.

 ഇതുപ്രകാരം എല്ലാ ശനിയാഴ്ചകളിലും ഓഫിസുകളില്‍ ഡ്രൈഡേ ആചരണം നടത്തി സഹകരിക്കണമെന്നും അധിക്യതര്‍ അറിയിച്ചു.
ഡ്രൈഡേ ആചരണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങള്‍
ആഴ്ചയില്‍ ഒരു ദിവസം (ശനിയാഴ്ച) ഡ്രൈഡേ ആയി ആചരിക്കുക.

1)ഓഫീസിനകത്തും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ പാത്രങ്ങളും, ടയറുകളും, ചെടിച്ചട്ടികളും, ഉപയോഗശൂന്യവസ്തുക്കളും പരിശോധിച്ച് വെള്ളം നീക്കം ചെയ്യുക.

2) വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകള്‍, ഡ്രമ്മുകള്‍ എന്നിവ മൂടി വെക്കുകയും ചോര്‍ച്ചകള്‍ പരിഹരിക്കുകയും ചെയ്യുക.

3)മഴവെള്ളം ശേഖരിക്കുന്ന സംവിധാനങ്ങള്‍, ഓടകള്‍, ഗട്ടറുകള്‍ എന്നിവ ശുചീകരിക്കുക.

4)വാട്ടര്‍പ്യൂരിഫയറിന്റെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, പൂച്ചട്ടികളുടെ അടിഭാഗത്തെ ട്രേ തുടങ്ങിയവയില്‍ വെള്ളംകെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക.

5)ഓഫീസിലെ മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയുംചെയ്യുക.

date