എടയ്ക്കാട്ടുവയലിൽ വനിതാ ക്ഷേമ കേന്ദ്രം വരുന്നു
ജില്ലാ ആസൂത്രണ സമിതി പ്രത്യേക യോഗം
മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി എടയ്ക്കാട്ടുവയലിൽ ക്ഷേമ കേന്ദ്രം ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ 'തേജോമയ' പദ്ധതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് കേന്ദ്രം യാഥാർത്ഥ്യമാവുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വീടിന്റെ അന്തരീക്ഷം ഉറപ്പാക്കുന്ന കേന്ദ്രത്തിൽ മാനസിക ഉല്ലാസത്തിനുള്ള സജ്ജീകരണങ്ങൾ, പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ, ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമാക്കും. നിലവിൽ ഇവിടെയുള്ള തേജോമയ കേന്ദ്രം കാക്കനാട്ടേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
ആലുവ ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിൽ ജെറിയാട്രിക് സെന്റർ സ്ഥാപിക്കും. കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഡയാലിസിസ് സെന്ററും രണ്ടും മൂന്നും നിലകളിൽ 60 കിടപ്പുരോഗികളെ ചികിത്സിക്കാൻ സാധിക്കുന്ന ജെറിയാട്രിക് സെന്ററും വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
സംസ്ഥാനത്തിന് മാതൃകയാകുന്ന ജില്ലാതല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതികൾ ജനകേന്ദ്രീകൃതമാകണമെന്നും കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ കാലാനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
ജൂൺ 30-നകം ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതികൾ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതിന് മുന്നോടിയായി മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്ത് അന്തിമരൂപം നൽകാനാണ് യോഗം ചേർന്നത്.
കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments