Skip to main content

മഴക്കാലത്ത് ജലജന്യ രോഗങ്ങൾക്കെതിരെ ശ്രദ്ധ വേണം: ജില്ലാ മെഡിക്കൽ ഓഫീസറുടെ ജാഗ്രതാ നിർദ്ദേശം

 

മഴക്കാലമായതിനാൽ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയേറെയായതിനാൽ അതീവ ജാഗ്രത പുലർത്തണം.
  
 മഴക്കാലത്ത് കുടിവെള്ള സ്രോതസ്സുകൾ മലിനമാകാൻ സാധ്യതയേറെയാണ്. അതിനാൽ കുടിവെള്ളത്തിൻ്റെ ഉപയോഗത്തിലും ശുചിത്വ ശീലങ്ങൾക്കും അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്
രോഗപ്രതിരോധത്തിനായി താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

 കുടിക്കാൻ  തിളപ്പിച്ചാറ്റിയ വെള്ളം മാത്രം  ഉപയോഗിക്കുക എന്നതാണ് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം.
കിണറുകളും മറ്റ് ജലസ്രോതസ്സുകളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുവാനും ശ്രദ്ധിക്കേണ്ടതാണ്.

തിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം മിക്സ് ചെയ്ത് ഉപയോഗിക്കരുത്.

പൊതു വിതരണ ശൃംഖലകളിൽ നിന്നുള്ള വെള്ളം, RO വാട്ടർ, ഫിൽറ്ററുകളിൽ നിന്നുള്ള വെള്ളം, കാനുകളിൽ ലഭിക്കുന്ന വെള്ളം, ക്ലോറിനേറ്റ് ചെയ്ത വെള്ളം എന്നിവ കുടിക്കുവാൻ ഉപയോഗിക്കുന്നതിന് മുൻപ് 20 മിനിറ്റ് നേരം വെട്ടി തിളപ്പിക്കണം. 

ഐസ്, ശീതള പാനീയങ്ങൾ, സംഭാരം, ചട്നി  എന്നിവ തയ്യാറാക്കാനും തിളപ്പിച്ചാറ്റിയ ജലം ഉപയോഗിക്കുക.

ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിന് മുൻപും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം

  പാത്രങ്ങൾ   കഴുകാനും വായ കഴുകാനും ശുദ്ധ ജലം ഉപയോഗിക്കണം. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക
 
 രോഗബാധിതരിൽ നിന്നും രോഗം മറ്റുള്ള വരിലേക്ക് പക രാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  രോഗബാധയുള്ളവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുവാൻ പാടില്ല രോഗി ഉപയോഗിച്ച പാത്രങ്ങളും മറ്റും  മറ്റുളളവരുമായി പങ്കിടരുത്.  ഭക്ഷണം കഴിക്കുന്നതിന് മുമ്പു ,  മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നിർബന്ധമായും കഴുകുക.

 രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടതും പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ്. വയറിളക്ക രോഗങ്ങൾ ഉണ്ടായാൽ ശരീരത്തിൽ നിന്നും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് നിർജ്ജലീകരണം സംഭവിക്കുന്നത്  തടയാൻ പാനീയ ചികിത്സ പ്രധാനമാണ്.
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം , ORS ലായനിഎന്നിവ ഫലപ്രദമാണ്. 
 

date