H1N1 ജാഗ്രത പാലിക്കണം
എച്ച് വൺ എൻ വൺ സംശയിക്കുന്ന കേസുകൾ ജില്ലയിൽ ചില പ്രദേശങ്ങളിൽ കണ്ടുവരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതാണ്
ഇൻഫ്ളുവൻസ വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച പനിയാണ് H1N1.
രോഗബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകളിലൂടെ വായുവിലൂടെയും , ഇവ പതിച്ച പ്രതലങ്ങൾ, വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.
പനി, ചുമ , തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് പ്രധാനമാണ്.
പനി, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ കഴിവതും മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.
സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കുക.
സോപ്പിട്ടു കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്. പുറത്ത് പോയി വരുമ്പോഴും, സ്കൂളിൽ നിന്ന് തിരികെ എത്തുമ്പോഴും കൈകൾ സോപ്പിട്ട് കഴുകുക.
രോഗലക്ഷണങ്ങളുള്ളവർ കഴിവതും പൊതു ഇടങ്ങളിൽ പോകാതിരിക്കുക. തിരക്കുള്ള ഇടങ്ങളിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക.
പൊതു ജനങ്ങളും ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുമ്പോഴും മാസ്ക് ധരിക്കുക
പനിയുള്ളപ്പോൾ കുട്ടികളെ സ്കൂളുകൾ, ക്രഷുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ വിടാതിരിക്കുക
ഗർഭിണികൾ, അനുബന്ധ രോഗങ്ങൾ ഉള്ളവർ, ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പനി ഉണ്ടായാൽ ഉടൻ ചികിത്സ തേടുക. പ്രതിരോധ ശീലങ്ങൾ പാലിക്കുക
- Log in to post comments