പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ
ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില-ലഹരി രഹിതമായി പ്രഖ്യാപിക്കാന്‍ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് തയാറാക്കിയ ഒന്‍പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 ന് മുന്‍പ് പ്രഖ്യാപിക്കും. പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകയില-ലഹരി പരിശോധനാ സമിതികള്‍ രൂപീകരിക്കുക, പുകയില-ലഹരി രഹിത വിദ്യാലയ നയം പ്രഖ്യാപിക്കുക, പുകയില രഹിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍പന ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ പുകയില നിയന്ത്രണ സമിതിയുടെ തീരുമാനപ്രകാരം ആണ് ആരോഗ്യവകുപ്പ് പ്രഥമാധ്യാപകരുടെ യോഗം സംഘടിപ്പിച്ചത്. മറ്റു വിദ്യാഭ്യാസ ഉപജില്ലകളിലും സമാന യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ഡി.ഇ.ഒ. സത്യപാലന്‍, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. സി.ജെ. സിത്താര, ഉള്ളനാട് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജി. മനോജ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാജു ഇട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments