Skip to main content

*കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം*

കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിക്ക് (എസ്.എം.എ.എം) കീഴില്‍ യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ അവസരം. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും ഈ പദ്ധതിക്ക് കീഴില്‍ സബ്‌സിഡിയോടെ ലഭ്യമാവും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭ്യമാവും. ഈ സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ ഒന്ന് രാവിലെ 11 മുതല്‍  http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാം. കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്.എച്ച്.ജികള്‍ എഫ്.പി.ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. കൂടാതെ എഫ്.ആര്‍.എ പട്ടയമുള്ള ഗുണഭോക്താക്കള്‍ക്ക് എല്ലാ കാറ്റഗറിയിലും 90 ശതമാനം വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷകളില്‍, അര്‍ഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യങ്ങളില്‍, അഗ്രി മെഷിനറി പോര്‍ട്ടലില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ നറുക്കെടുപ്പ് മുഖേന ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തും. അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ അപേക്ഷകര്‍ക്കും നറുക്കെടുപ്പ് നടപടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാകും. നറുക്കെടുപ്പ് നടപടികളുടെ തീയതി, സമയം, ഫലം എന്നിവ അഗ്രി മെഷിനറി പോര്‍ട്ടല്‍ മുഖേന പ്രസിദ്ധീകരിക്കും. പദ്ധതി ചിലവ് 10 ലക്ഷം രൂപയില്‍ കൂടുതലാകുന്ന കസ്റ്റം ഹയറിങ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് പദ്ധതികള്‍ ക്രെഡിറ്റ് ലിങ്ക്ഡ് ബാക് എന്‍ഡഡ് ക്യാപിറ്റല്‍ സബ്‌സിഡി മാതൃകയിലാണ് നടപ്പിലാക്കുന്നത്. അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള സബ്‌സിഡി ബാക് എന്‍ഡഡ് ക്യാപിറ്റല്‍ സബ്‌സിഡിയായി അനുവദിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും കണിയാമ്പറ്റ മിലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ  കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9383471924 , 9383471915. ഇ-മെയില്‍: aeeagriwayanad@gmail.com

date