Skip to main content

ജില്ലയിലെ 141810 കുട്ടികൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും

  

 -ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും 

ഇന്ന് (ജൂൺ 28) നടക്കുന്ന പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി.

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  രാവിലെ 11.30 ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർവഹിക്കും.
അന്നേ ദിവസം രാവിലെ 8 മുതൽ വൈകിട്ട് 5 വരെ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും രോഗ പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി ജില്ലയിലെ പ്രത്യേകം സജ്ജീകരിച്ച 1573 ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകും.

ജില്ലയിൽ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ,  ബസ്‌സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ഞായറാഴ്ച ബൂത്തുകൾ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 46 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെത് ഉൾപ്പെടെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് 60 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

ഏതെങ്കിലും കാരണവശാൽ പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വളണ്ടിയർമാർ/ആരോഗ്യ പ്രവർത്തകർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്..
.
 എന്താണ് പോളിയോ രോഗം 

കുട്ടികളെയാണ് പോളിയോ രോഗം കൂടുതലും ബാധിക്കുന്നത്. ഈ രോഗം ബാധിച്ചാൽ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം തളർന്നു പോകാൻ സാധ്യതയുണ്ട്
.രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന പോളിയോ വൈറസ് രോഗാണുക്കൾ കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. തുടർന്ന് കുടലിൽ വൈറസ് പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാവുകയും കൈകാലുകൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഗുരുതരമായ ഒരു രോഗമാണ് പോളിയോ മൈലൈറ്റീസ്.

പനി, പേശി വേദന എന്നിവയാണ് പോളിയോ രോഗലക്ഷണങ്ങൾ. പോളിയോ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഫലപ്രദമായ പോളിയോ വാക്സിൻ നിലവിലുണ്ട്.
കുട്ടികൾക്ക് വർഷങ്ങളായി നൽകി വരുന്ന പോളിയോ വാക്സിനുകൾ അത്യന്തം സുരക്ഷിതമാണ് എന്നു തെളിയിക്കപ്പെട്ടതാണ്.
പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 വൈറസുകളാണ് പോളിയോ രോഗമുണ്ടാക്കുന്നത്‌. എന്നാൽ തുടർച്ചയായി നടപ്പിലാക്കിയ പൾസ് പോളിയോ ഘട്ടങ്ങളിലൂടെ ടൈപ്പ് 2 , ടൈപ്പ് 3 പോളിയോ വൈറസിനെ നിർമാർജ്ജനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

.. കേരളത്തിൽ 2000 ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകേണ്ടതുണ്ട്.

date