കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മന്ത്രി ലിജു ജില്ലതല ഉദ്ഘാടനം നിർവഹിച്ചു
പോളിയോമുക്ത ഭാരതം എന്ന പദവി നിലനിർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടുതുള്ളി പോളിയോ തുള്ളി മരുന്ന് നൽകുന്ന പദ്ധതിയ്ക്കായി സംസ്ഥാനത്ത് 23000 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തുള്ളിമരുന്ന് സ്വീകരിക്കാനെത്തിയ കുട്ടിയ്ക്ക് തുള്ളിമരുന്ന് പകർന്നുകൊണ്ടാണ് മന്ത്രി ജില്ല തല വിതരണം നിർവഹിച്ചത്.കണ്ടല്ലൂരിന്റെ വികസനത്തിനും നാടിന്റെ വികസനത്തിനും രാഷ്ട്രീയ ഭേദമില്ലാതെ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ആർ ഷൈനി അധ്യക്ഷത വഹിച്ചു. സന്ദേശ പ്രചാരണ പോസ്റ്റർ പ്രകാശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി എസ് താഹ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. പി വി വിദ്യ,ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. വിവേക് കുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രശ്മി ശ്രീനി , കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ അജിത്ത് , ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.എൻ. രാജഗോപാൽ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.എസ്.ലൈജു, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ്, ഡോ.സ്മിത എൻ.എസ്,ഡോ.അരോമ പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 96972 കുട്ടികൾക്ക് തുള്ളി മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിനായി 1377 പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. അന്നേ ദിവസം ലഭിക്കാത്ത കുട്ടികൾക്ക് 29,30 തിയതികളിലും നൽകും.
- Log in to post comments