കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അന്താരാഷ്ട്ര ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ 'നശാ മുക്ത് ഭാരത് അഭിയാന്‍' പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 'അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി' സംഘടിപ്പിച്ചു. യുവജനങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരായ അവബോധം വളര്‍ത്തുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ പി.പി ശിവകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍. ഡോ. പി.ഡി. സിജി അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. എ.എല്‍ മനോജ്, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് സിനോ സേവി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എസ്. രമ്യ 'ലഹരി മുക്ത ബോധവല്‍ക്കരണ പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. വിമുക്തി തൃശ്ശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷെഫീഖ് യൂസഫ് ''ലഹരി വിമുക്ത ക്യാമ്പസ് - വിദ്യാര്‍ത്ഥികളുടെ പങ്ക്' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഹ്രസ്വചിത്ര പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും അരങ്ങേറി. ലഹരി ഉപയോഗത്തിന്റെ ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങള്‍, കുടുംബജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ ആസ്പദമാക്കിയായിരുന്നു ഇവ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍.എസ്.എസ്. സന്നദ്ധപ്രവര്‍ത്തകരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments