സെന്‍സസ് : ജില്ലയില്‍ സ്വയം വിവരങ്ങള്‍ നല്‍കി അരലക്ഷത്തിലധികം പേര്‍
സെന്‍സസിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സ്വയം വിവരങ്ങള്‍ നല്‍കി 55,760 പേര്‍. ജൂണ്‍ 16 മുതല്‍ 30 വരെയായിരുന്നു സെന്‍സസ് പോര്‍ട്ടലില്‍ സ്വയം വിവരം നല്‍കാന്‍ (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യമുണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ സെല്‍ഫ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യസ്ഥാപന ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കലാകാരന്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ടാക്സി തൊഴിലാളികള്‍, എന്‍എസ്എസ്, എന്‍സിസി കേഡറ്റുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയില്‍ ഭാഗമായി. റെസിഡന്‍സ് അസോസിയേഷന്‍, വ്യാപാര വ്യവസായ സമിതി, അധ്യാപക രക്ഷാകര്‍ത്തൃ സമിതി, സന്നദ്ധസേനകള്‍ തുടങ്ങിയവയും സെല്‍ഫ് എന്യുമറേഷനില്‍ സജീവമായി പങ്കെടുത്തു. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതികള്‍ സന്ദര്‍ശിച്ച് സെല്‍ഫ് എന്യുമറേഷന് നേതൃത്വം നല്‍കി. സെന്‍സസ് അവബോധം വളര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയില്‍ ജൂണ്‍ 29 സെല്‍ഫ് എന്യൂമറേഷന്‍ ഡേ ആചരിച്ചു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും ഐ.ടി.ഐ/പോളിടെക്നിക് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികളും ബോധവല്‍കരണ ക്ലാസും ഡിജിറ്റല്‍ പ്രചാരണങ്ങളും നടത്തി. കലക്ടറേറ്റ്, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജൂണ്‍ 30 വരെ സെന്‍സസ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു.
- Log in to post comments