കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി: വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ധനസഹായത്തോടെ നടപ്പിലാക്കുന്ന 'സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍' (സ്മാം) പദ്ധതി പ്രകാരം കസ്റ്റം ഹയറിംഗ് സെന്റര്‍ , ഫാം മെഷിനറി ബാങ്ക് എന്നിവ സ്ഥാപിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമവും വര്‍ദ്ധിച്ചുവരുന്ന ചെലവും പരിഹരിച്ച് കൃഷി കൂടുതല്‍ യന്ത്രവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. http://agrimachinery.nic.in/index/level മുഖേന ജൂലൈ 15-ന് രാവിലെ 11 മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.
കര്‍ഷക ഗ്രൂപ്പുകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കസ്റ്റം ഹയറിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായം ലഭിക്കും. അര്‍ഹരായ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനം വരെ (പരമാവധി 24 ലക്ഷം രൂപ) ധനസഹായം അനുവദിക്കും. വനാവകാശ നിയമപ്രകാരമുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് രണ്ട് വിഭാഗങ്ങളിലും 90 ശതമാനം വരെ ധനസഹായം ലഭിക്കും.
ഫാം മെഷിനറി ബാങ്കുകള്‍ 10 ലക്ഷം രൂപ വരെ, 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ, 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള പദ്ധതികളില്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടുത്താം. എന്നാല്‍ 10 ലക്ഷത്തിന് മുകളിലുള്ള പദ്ധതികളില്‍ ടാക്ടറുകള്‍, കൊയ്തു മെതിയന്ത്രങ്ങള്‍, കാര്‍ഷിക ഡ്രോണുകള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള യന്ത്രങ്ങള്‍ എന്നിവയ്ക്കായിരിക്കും മുന്‍ഗണന.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ (കൃഷി) ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ ഓഫീസില്‍ പരിശോധനയ്ക്കായി ഹാജരാക്കണം. അല്ലാത്തപക്ഷം അപേക്ഷകള്‍ നിരസിക്കും. രേഖകളുടെയും ഭൗതിക സാഹചര്യങ്ങളുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ധനസഹായം അനുവദിക്കുക. വിവരങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ (കൃഷി) ഓഫീസുമായോ, സമീപത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. ഇമെയില്‍: aeeagriklm@yahoo.co.in, ഫോണ്‍: 9446300146, 8606069173, 9747523136.
- Log in to post comments