അറിയിപ്പുകൾ
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കൽ: പുരോഗതി ദിവസവും വിലയിരുത്തി ജില്ലാ കളക്ടർ
ജില്ലയിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി പ്രഖ്യാപിച്ച പ്രത്യേക കർമ്മപദ്ധതിക്ക് മികച്ച പുരോഗതി. നടപടികളുടെ പുരോഗതി ദിവസവും നേരിട്ട് വിലയിരുത്തി ജില്ലാ കളക്ടർ ജി പ്രിയങ്ക.
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി തരംമാറ്റ ചുമതലയുള്ള ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കൃത്യമായ ദൈനംദിന ടാർഗെറ്റുകൾ നൽകിയിട്ടുണ്ട്. ഓരോ ദിവസവും നിശ്ചിത എണ്ണം ഫയലുകൾ ഇവർ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. ഡെപ്യൂട്ടി കളക്ടർമാർ, ആർ.ഡി.ഓമാർ എന്നിവരുടെ വിവേചനാധികാരത്തിന് അനുസൃതമായാണ് വർക്ക് ഫ്രം ഹോം ക്രമീകരണവും ടാർഗെറ്റുകളും ജീവനക്കാർക്ക് നൽകിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്
(ജൂലൈ 8 വരെ)
നിലവിലെ കണക്കുകൾ പ്രകാരം കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി ആകെ കെട്ടിക്കിടക്കുന്ന 8,700 അപേക്ഷകളിൽ 1,400 ടാർഗെറ്റ് നിശ്ചയിച്ചതിൽ 18.71 ശതമാനം പുരോഗതി കൈവരിച്ചു. ഫോർട്ട് കൊച്ചി താലൂക്കിൽ 4,135 അപേക്ഷകൾ അവശേഷിക്കുന്നതിൽ 1,100 ടാർഗെറ്റോടെ 12.91 ശതമാനവും, കുന്നത്തുനാട് താലൂക്കിൽ 8,647 അപേക്ഷകളിൽ 1,400 ടാർഗെറ്റോടെ 9.21 ശതമാനവും പുരോഗതി കൈവരിച്ചു. എറണാകുളം താലൂക്കിൽ നിലവിലുള്ള 13,741 അപേക്ഷകളിൽ 1,400 ടാർഗെറ്റ് നിശ്ചയിച്ചതിൽ 29.07 ശതമാനം ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആലുവ താലൂക്കിൽ കെട്ടിക്കിടക്കുന്ന 11,876 അപേക്ഷകളിൽ 1,400 ടാർഗെറ്റോടെ 11.93 ശതമാനവും, പറവൂർ താലൂക്കിൽ അവശേഷിക്കുന്ന 10,824 അപേക്ഷകളിൽ 1,400 ടാർഗെറ്റോടെ 21.29 ശതമാനം പുരോഗതിയും രേഖപ്പെടുത്തി.
തരം മാറ്റ അപേക്ഷകളുടെ കണക്കുകൾ ജൂലൈ 8 വരെ. പത്രക്കുറിപ്പ് ആറിന്റെ തുടർച്ച
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ: മൂവാറ്റുപുഴ ആർ.ഡി.ഒ.യുടെ പരിധിയിൽ വരുന്ന ഈ താലൂക്കുകളിൽ ആകെ 8,700 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 1,400 അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ടതിൽ 262 എണ്ണം പൂർത്തിയാക്കി (18.71%).
കൊച്ചി താലൂക്ക്: ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പരിധിയിൽ വരുന്ന കൊച്ചി താലൂക്കിൽ ആകെ 4,135 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 1,100 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 142 എണ്ണമാണ് ഇതുവരെ പൂർത്തിയാക്കി 12.91%).
കുന്നത്തുനാട് താലൂക്ക്: ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കൈകാര്യം ചെയ്യുന്ന കുന്നത്തുനാട് താലൂക്കിൽ ആകെ 8,647 അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ഇവിടെ 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 129 എണ്ണം ഇതുവരെ തീർപ്പാക്കി (9.21%).
എറണാകുളം( കണയന്നൂർ) താലൂക്ക്: ഡെപ്യൂട്ടി കളക്ടറുടെ (ആർ.ആർ) ചുമതലയിലുള്ള എറണാകുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്—13,741 അപേക്ഷകൾ. ഇതിൽ 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 407 എണ്ണം പൂർത്തിയാക്കി (29.07%).
ആലുവ താലൂക്ക്: ഡെപ്യൂട്ടി കളക്ടറുടെ (എൽ.എ) കീഴിലുള്ള
ആലുവ താലൂക്കിൽ ആകെ 11,876 അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 1,400 അപേക്ഷകൾ ലക്ഷ്യമിട്ടതിൽ 167 എണ്ണം പൂർത്തിയാക്കി (11.93%).
പറവൂർ താലൂക്ക്: ഡെപ്യൂട്ടി കളക്ടർക്ക് (ഡി.എം) ചുമതലയുള്ള പറവൂർ താലൂക്കിൽ ആകെ 10,824 അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ലക്ഷ്യമിട്ട 1,400 അപേക്ഷകളിൽ 298 എണ്ണമാണ് ഇതുവരെ പൂർത്തിയാക്കിയത് (21.29%).
- Log in to post comments