ആറന്മുളയില്‍ ആര്‍ക്കിയോളജി മ്യൂസിയം നിര്‍മിക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
പ്രളയത്തിന് ശേഷം ചരിത്ര അവശേഷിപ്പുകളായി മണ്ണിനടിയില്‍ നിന്നും ശില്‍പ്പങ്ങള്‍ കണ്ടെത്തിയ ആറന്മുളയില്‍ ആര്‍ക്കിയോളജി മ്യൂസിയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആറന്മുള ആഞ്ഞിലിമൂട്ടില്‍ കടവിനോട് ചേര്‍ന്നുള്ള കോയിപ്രത്ത് പുരയിടത്തില്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്ഖനനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രളയത്തിന് ശേഷം ചരിത്രം വിളിച്ചോതുന്ന നൂറിലധികം ശില്‍പ്പങ്ങളാണ് ലഭിച്ചത്. രാജ്യത്തിന്റെ ദൂതകാല ചരിത്ര പൈതൃകത്തിന്റ അമൂല്യ നിധികളാണ് ഈ ശേഷിപ്പുകള്‍. അതിനാല്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇവ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ടെത്തിയ ശില്‍പ്പങ്ങള്‍ താല്‍ക്കാലികമായി ആറന്മുള കിഴക്കേനടയ്ക്കലുള്ള കെട്ടിടത്തില്‍ സംരക്ഷിക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. കാലപ്പഴക്കം നിര്‍ണയിക്കുന്നതിന് ഖനനത്തിലൂടെ ലഭിക്കുന്ന ശില്‍പ്പങ്ങളുടെ സാമ്പിള്‍ ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലേക്ക് തെര്‍മോ ലൂമിനോ സെന്‍സ് പരിശോധനയ്ക്ക് വിധേയമാക്കും. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. റജികുമാര്‍, ആര്‍ക്കിയോളജി ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ്, സമിതിയംഗങ്ങായ രാജീവ് പുലിയൂര്‍, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. (പിഎന്‍പി 35/18)
- Log in to post comments