Skip to main content

വിശാല കൊച്ചിയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി ആലുവയിൽ 190 എം.എൽ.ഡി ജലശുദ്ധീകരണശാല

 

 ടി.ജെ. വിനോദ് എം.എൽ.എയുടെ ഇടപെടലിൽ പദ്ധതി നടപടികൾ വേഗത്തിൽ

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആലുവയിൽ 190 എം.എൽ.ഡി ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. നിയമസഭയിൽ അറിയിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 

 

കൊച്ചി കോർപ്പറേഷനും സമീപത്തെ അഞ്ച് മുനിസിപ്പാലിറ്റികളും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന വിശാല കൊച്ചി മേഖല നേരിടുന്ന കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.ജെ. വിനോദ് എം.എൽ.എ വിഷയം നിയമസഭയിൽ അവതരിപ്പിച്ചത്. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കും ജലജീവൻ മിഷൻ പദ്ധതികൾക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.

 

ആലുവ ജലശുദ്ധീകരണശാലയിൽ നിന്ന് ലഭിക്കുന്ന 225 എം.എൽ.ഡി ജലത്തിൽ 121.5 എം.എൽ.ഡിയും മരട് ജലശുദ്ധീകരണശാലയിലെ 100 എം.എൽ.ഡിയിൽ നിന്ന് 53.5 എം.എൽ.ഡിയും കൊച്ചി നഗരത്തിലേക്ക് വിതരണം ചെയ്യുന്നുണ്ടെങ്കിലും വിതരണ നഷ്ടം 40 മുതൽ 50 ശതമാനം വരെ ഉയർന്നതോടെ നഗരത്തിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുകയാണെന്ന്  എം.എൽ.എ ചൂണ്ടിക്കാട്ടി.

 

കൊച്ചി നഗരത്തിലെ ഏകദേശം 1.5 ലക്ഷം ഗാർഹിക കണക്ഷനുകൾക്കും 28,000ഓളം ഗാർഹികേതര കണക്ഷനുകൾക്കും വ്യാവസായിക സ്ഥാപനങ്ങൾക്കും പുറമെ കൊച്ചി തുറമുഖം, നാവിക ആസ്ഥാനം, കൊച്ചിൻ ഷിപ്പ്‌യാർഡ്, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്കും ജലവിതരണം നടത്തേണ്ട സാഹചര്യമാണുള്ളത്. നിലവിലെ ആവശ്യത്തിന് അനുസരിച്ച് നഗരത്തിൽ പ്രതിദിനം ഏകദേശം 50 എം.എൽ.ഡി ജലത്തിന്റെ കുറവുണ്ടെന്നും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

 

തമ്മനത്തെ 135 എം.എൽ.ഡി സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിലെ 65 എം.എൽ.ഡി ശേഷിയുള്ള ഒരു ഭാഗം കാലപ്പഴക്കം മൂലം തകരാറിലായതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.ഇതുമൂലം കലൂർ, കടവന്ത്ര, ഇളംകുളം, അയ്യപ്പൻകാവ്, പച്ചാളം, തട്ടാഴം, വടുതല, ചിറ്റൂർ, സെൻട്രൽ സിറ്റി മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായും ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.

 

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും, തകരാറിലായ ടാങ്കിന്റെ പ്രശ്നം പരിഹരിക്കുന്നതിനും താൽക്കാലികമായി ജലവിതരണം ക്രമീകരിക്കുന്നതിനുമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 25 എം.എൽ.ഡി ശേഷിയുള്ള സമ്പും 25 എം.എൽ.ഡി ശേഷിയുള്ള ഉന്നത ജലസംഭരണിയും നിർമ്മിക്കുന്നതിന് 30 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

കൊച്ചിയുടെ ഭാവിയിലെ ജലാവശ്യങ്ങൾ കണക്കിലെടുത്താണ് ആലുവയിൽ പുതിയ 190 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പെരിയാർ നദിയോട് ചേർന്ന് പുതിയ പമ്പ് ഹൗസ്, പമ്പ് സെറ്റ്, ഉന്നതതല ജലസംഭരണി, ജലശുദ്ധീകരണശാല എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

 

523 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) സഹായത്തോടെയുള്ള കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ടെന്നും അന്തിമ ഭരണാനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

 

പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി കോർപ്പറേഷനും സമീപ തദ്ദേശ സ്ഥാപനങ്ങൾക്കും കൂടുതൽ സ്ഥിരതയുള്ള കുടിവെള്ള വിതരണം ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. കൊച്ചിയുടെ ദീർഘകാല കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എ ഉന്നയിച്ച ആവശ്യത്തിന് സർക്കാർ മുൻഗണന നൽകുമെന്നും അറിയിച്ചു.

date