Skip to main content

ആരോഗ്യഭേരി: പകർച്ചവ്യാധി പ്രതിരോധ കർമ്മപദ്ധതി

 

പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യഭേരി എന്ന പകർച്ചവ്യാധി പ്രതിരോധ സമഗ്ര കർമ്മപദ്ധതിയ്ക്ക് എറണാകുളം ജില്ല തുടക്കം കുറിക്കുന്നു.

 

ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ സമഗ്ര കർമ്മപദ്ധതി ജില്ലാ പഞ്ചായത്തിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും, ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടലിലൂടെ വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിയും നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. രോഗ പ്രതിരോധത്തിൽ പൊതുജനങ്ങളുടെ ഇടപെടൽ ശക്തിപ്പെടുത്തുക, ആർജ്ജിച്ച ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള സാമൂഹിക ഇടപെടലുകൾ ശക്തമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക അതിലൂടെ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ആശമാരുടെയും, ഹെൽത്തുമാരുടേയും വാർഡ് തല ടീമുകൾ സജ്ജമാക്കി ഉറവിട നശീകരണം, ക്ലോറിനേഷൻ, സ്പേയിങ് തുടങ്ങിയ പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ഉദ്ദേശിക്കുന്നത് . തദ്ദേശ സ്വയംഭരണ സ്ഥാപനങൾ പകർച്ചവ്യാധി പ്രതിരോധത്തിനായി പ്രത്യേക കർമ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനും ഉദ്ദേശിക്കുന്നു

പദ്ധതി ഘടകങ്ങൾ

 

  • ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളെ ഇല്ലാതാക്കാൻ ഊർജിത ഉറവിട നശീകരണം

 

  • മലിന ജലത്തിൽ മുട്ടയിട്ടു പെരുകുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിനായി വെള്ളക്കെട്ടുകൾ ഒഴിവാക്കുക, സ്പ്രേയിങ്, കക്കൂസിന്റെ വെൻ്റ് പൈപ്പുകൾ വലയിട്ടു കെട്ടുക തുടങ്ങിയ പ്രവർത്തനങ്ങൾ

 

  • ശുദ്ധജലം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ,

 

  • വാർഡ് തലത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഹെൽത്ത് വോളണ്ടിയർമാരുടെയും ആശ വർക്കർമാരുടെയും സേവനം ഉപയോഗപ്പെടുത്തികൊണ്ട് ഉറവിട നശീകരണ കൊതുക് നശീകരണ പ്രവർത്തനങ്ങൾ

 

  • സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണം,

 

  • ആരോഗ്യ ബോധവത്കരണ പരിപാടികൾ

 

  • പദ്ധതിയുടെ ആദ്യ മൂന്നു മാസക്കാലം ( ജൂലൈ മുതൽ സെപ്തംബർ വരെ) തീവ്ര ഘട്ടമായി കണക്കാക്കി കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങളും

 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു.

 

ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയും ആണെന്ന ഒരു തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാക്കി കൊണ്ട് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകൾ ഈ ഒരു ഘട്ടത്തിൽ നടപ്പിലാക്കും. ഈ മൂന്ന് മാസക്കാലയളവിൽ നമ്മൾ പലപ്പോഴും മറന്നു പോകുന്ന അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ പോകുന്ന ആരോഗ്യ ശീലങ്ങൾ പാലിക്കാൻ പൊതുജനങ്ങളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുകയുംഅതിനാവശ്യമായ സാമൂഹിക കാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് ആരോഗ്യകരമായ ശീലങ്ങൾ ജനങ്ങളിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്.

ആദ്യ മൂന്ന് മാസത്തെ തീവ്ര ഘട്ടത്തിലുള്ള ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ നടത്തുന്നവർക്കുമെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിനുള്ള ഇടപെടലുകളിലേക്ക് കടക്കുവാനാണ് ഉദ്ദേശിക്കുന്നത്

 

കർമ്മപദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണ്.

 

പകർച്ചവ്യാധികളെ കൂട്ടായ പരിശ്രമത്തിലൂടെ പ്രതിരോധിക്കുന്നതിന് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, ആരോഗ്യ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാർ, ആരോഗ്യം, ആയുഷ് വകുപ്പുകളിലെ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ വിദഗ്ദ്ധർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജൂലൈ 3 ന് കൊച്ചി നഗരസഭ ടൗൺ ഹാളിൽ വെച്ച് ശില്പശാല സംഘടിപ്പിക്കുകയാണ് . ആരോഗ്യഭേരി പകർച്ചവ്യാധി പ്രതിരോധ കർമ്മപദ്ധതിയുടെ ജില്ലാതല ശില്പശാല ഇന്ന് രാവിലെ ( ജൂലൈ 3 ന്) 9.30 ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനo ചെയ്യും

date