'ഓണക്കനി നിറപ്പൊലിമ' പദ്ധതിയുമായി കുടുംബശ്രീ വിഷരഹിത പച്ചക്കറികളും പൂക്കളും വിപണിയിലെത്തിക്കും
ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാന്‍ കുടുംബശ്രീയുടെ 'ഓണക്കനി നിറപ്പൊലിമ' പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. 'ഓണം കുടുംബശ്രീയോടൊപ്പം' എന്ന ആശയത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2143 ജെ.എല്‍.ജി.കള്‍ 1429.43 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുന്നു. ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ കാര്‍ഷികോല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ കര്‍ഷകവനിതകള്‍ക്ക് മികച്ച വരുമാനവും തൊഴിലവസരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബന്ദിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കള്‍ 263 കര്‍ഷകസംഘങ്ങള്‍ 89.50 ഏക്കറില്‍ 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നു. നിലമൊരുക്കല്‍ മുതല്‍ വിളപരിപാലനവും കീടനിയന്ത്രണവും വരെ ആവശ്യമായ പരിശീലനങ്ങള്‍ കുടുംബശ്രീ മിഷനും കാര്‍ഷിക മേഖലയിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരും കൃഷിവകുപ്പും ചേര്‍ന്ന് നല്‍കി. ഉല്‍പാദിപ്പിക്കുന്ന പൂക്കള്‍ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഓണച്ചന്തകള്‍, വിപണനമേളകള്‍ എന്നിവ വഴി വിപണിയിലെത്തിക്കും.
'ഓണക്കനി' പദ്ധതിയുടെ ഭാഗമായി 796 ജെ.എല്‍.ജി.കള്‍749.30 ഏക്കറില്‍ പയര്‍, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പടവലം, ചീര, വെള്ളരി, മത്തന്‍ തുടങ്ങി വിവിധയിനം വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. കൂടാതെ 531 ജെ.എല്‍.ജി.കള്‍ 248 ഏക്കറില്‍ വിവിധ കിഴങ്ങുവര്‍ഗങ്ങളും 553 ജെ.എല്‍.ജി.കള്‍ 343 ഏക്കറില്‍ ഏത്തവാഴയും കൃഷിചെയ്യുന്നുണ്ട്. ഉല്‍പന്നങ്ങള്‍ കുടുംബശ്രീ നാട്ടുചന്തകള്‍, വെജിറ്റബിള്‍ കിയോസ്‌കുകള്‍, ഓണച്ചന്തകള്‍, വിപണനമേളകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളിലെത്തിക്കും. പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം, നാറാണമൂഴി മേഖലകളിലെ 10 ട്രൈബല്‍ ജെ.എല്‍.ജി.കള്‍ 3.75 ഏക്കറില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 'ഓണക്കനി' പദ്ധതിയിലൂടെ 23.56 ലക്ഷം രൂപയും 'നിറപ്പൊലിമ' പദ്ധതിയിലൂടെ 7.04 ലക്ഷം രൂപയുടെയും വരുമാനം കുടുംബശ്രീ കര്‍ഷകസംഘങ്ങള്‍ നേടിയിരുന്നു.
- Log in to post comments