പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരാണെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെയോ സാമൂഹ്യക്ഷേമ ഓഫീസറുടെയോ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കണം. ഇ-ഗ്രാന്റ്‌സ് (e-Grantz) പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0481-2562503
- Log in to post comments