ഇല്ലാത്ത ചികിത്സാരേഖ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധം: സ്റ്റാര്‍ ഇന്‍ഷുറന്‍സിന് പിഴ
നിലവിലില്ലാത്ത ചികിത്സാരേഖകള്‍ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ പിഴ. ചികിത്സാച്ചെലവായ 2,00,848 രൂപയും, നഷ്ടപരിഹാരമായി 20,000 രൂപയും, കോടതിച്ചെലവായി 5,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ച വരുത്തിയാല്‍ ഒന്‍പതു ശതമാനം പലിശയും നല്‍കണം. പത്തപ്പിരിയം സ്വദേശി മുജീബ് റഹ്‌മാന്‍ നല്‍കിയ പരാതിയിലാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി.വി. എന്നിവര്‍ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
മുജീബ് റഹ്‌മാന്‍ തന്റെ വൃദ്ധയായ ഉമ്മയുടെ ചികിത്സാച്ചെലവിനായാണ് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. നാല് ആശുപത്രികളിലായി 20 ദിവസത്തിലധികം ഇവര്‍ ചികിത്സയിലായിരുന്നു. എന്നാല്‍, പോളിസി എടുക്കുന്നതിന് മുന്‍പ് തന്നെ രോഗിക്ക് ഹൃദയ-ശ്വസന സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നും ആരോപിച്ച് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു. മുന്‍പ് നടത്തിയ ചികിത്സയുടെ രേഖകള്‍ ഹാജരാക്കാനും കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ പോളിസി എടുക്കുമ്പോള്‍ ഇങ്ങനെയൊരു രോഗമുള്ളതായി അറിയില്ലായിരുന്നുവെന്നും മുന്‍പ് ചികിത്സ തേടിയിട്ടില്ലാത്തതിനാല്‍ രേഖകള്‍ കൈവശമില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. ഇത് കണക്കിലെടുക്കാതെ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് മുജീബ് റഹ്‌മാന്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇല്ലാത്ത ചികിത്സാരേഖകള്‍ ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത വ്യാപാര രീതിയുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.
- Log in to post comments