Skip to main content

കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

 

 സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമവും വര്‍ധിച്ചുവരുന്ന തൊഴില്‍ച്ചെലവും പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ് എം എ എം) പ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റം ഹയറിംഗ് സെന്റര്‍ (സി എച്ച് സി), ഫാം മെഷിനറി ബാങ്ക് ( എഫ് എം ബി) എന്നീ ഘടകങ്ങളിലേക്ക്  കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലായ https://agrimachinery.nic.in/index/level ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് ആവശ്യാനുസരണം കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി കസ്റ്റം ഹയറിംഗ് സെന്റുകളും, യന്ത്രവത്കരണ തോത് കുറവുള്ള പ്രദേശങ്ങളില്‍ സാമൂഹികാടിസ്ഥാനത്തില്‍ ഉയര്‍ന്ന മൂല്യമുള്ള കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകളും സ്ഥാപിക്കുന്നതിനാണ്  സാമ്പത്തിക സഹായം നല്‍കുന്നത്. കര്‍ഷക ഗ്രൂപ്പുകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ് പി ഒ), സ്വയംസഹായ സംഘങ്ങള്‍ (എസ് എച്ച് ജി), സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കസ്റ്റം ഹയറിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായവും, അര്‍ഹരായ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനം (പരമാവധി 24 ലക്ഷം രൂപ) വരെയും ധനസഹായം അനുവദിക്കും. കൂടാതെ വനാവകാശ നിയമപ്രകാരമുള്ള  അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഈ രണ്ട് വിഭാഗങ്ങളിലും 90 ശതമാനം വരെ ധനസഹായം ലഭിക്കും.

ഫാം മെഷിനറി ബാങ്ക് പദ്ധതികള്‍ 10 ലക്ഷം രൂപ വരെ, 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ, 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികളില്‍ ട്രാക്ടറുകള്‍, കൊയ്ത്ത്-മെതിയന്ത്രങ്ങള്‍, കാര്‍ഷിക ഡ്രോണുകള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള യന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ വ്യക്തിഗത സബ്സിഡിക്ക് അര്‍ഹമായ യന്ത്രങ്ങള്‍ സാധാരണയായി  പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സി എച്ച് സി, എഫ് എം ബി പദ്ധതികള്‍ അംഗീകൃത ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ്-ലിങ്ക്ഡ് ക്യാപിറ്റല്‍ സബ്സിഡി  രീതിയിലായിരിക്കും നടപ്പാക്കുക. പദ്ധതി പൂര്‍ത്തിയാക്കി പരിശോധനകള്‍ക്ക് ശേഷം അര്‍ഹമായ സബ്സിഡി തുക ബാങ്ക് വായ്പാ അക്കൗണ്ടിലേക്ക് ക്രമീകരിക്കും്. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി  വിശദമായി പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നവയ്ക്ക് മാത്രമേ  ധനസഹായം ലഭിക്കൂ.

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്ത രേഖകളുടെ അസലും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കണം. ജില്ലയിലെ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സഹായങ്ങള്‍ക്കുമായി മലമ്പുഴയിലുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) ഓഫീസുമായോ, ജില്ലയിലെ മറ്റ് കൃഷി ഓഫീസുകളുമായോ, സമീപത്തെ കൃഷിഭവനുകളുമായോ ബന്ധപ്പെടാം.  ഫോണ്‍: 9562200882, 9495135808, 7012854102, 9400871570, 9383471479, aeepkd.agri@kerala.gov.insmamkerala@gmail.com.

 

date