Skip to main content

ആരോഗ്യ ഭേരി പകർച്ച വാധി പ്രതിരോധ കർമ്മ പദ്ധതി മാതൃകാപരം : മന്ത്രി റോജി എം ജോൺ

 

മഴക്കാല രോഗങ്ങളും, പുതുതായി ആവിർഭവിക്കുന്ന രോഗങ്ങളും, വിവിധ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ഫലപ്രദമായി നേരിടാൻ എറണാകുളം ജില്ലാ പഞ്ചായത്തും,  ആരോഗ്യ വകുപ്പും സംയുക്തമായി വിഭാവനം ചെയ്ത ആരോഗ്യ ഭേരി എന്ന പുതിയ കർമ്മ പദ്ധതി മാതൃകാപരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു.

ആരോഗ്യ ഭേരി ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

മഴക്കാലം എപ്പോഴും വലിയ ആശങ്കകളുടെ കാലമാണ്.ഓരോ വർഷം കഴിയുന്തോറും കേട്ടുകേൾവി പോലുമില്ലാത്ത പുതിയ വൈറസുകളും രോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവയെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒരുമിച്ചുള്ള പ്രതിരോധം അനിവാര്യമാണ്. കോർപ്പറേഷനെയും മുൻസിപ്പാലിറ്റികളെയും ഉൾപ്പെടെ സഹകരിപ്പിച്ചുകൊണ്ട് മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് മാതൃകാപരമായ ഈ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. 

ആരോഗ്യരംഗത്തെ വിദഗ്ദ്ധർ നയിക്കുന്ന  ശില്പശാലയുടെ തുടർപ്രവർത്തനങ്ങൾ താഴേത്തട്ടിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൃത്യമായി നടപ്പിലാക്കുന്നതിലൂടെ ജില്ലയുടെ ആരോഗ്യ രംഗത്ത് സമഗ്ര മാറ്റത്തിന് തുടക്കം കുറിക്കുമെന്നും,
ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന കർമ്മപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് പകർച്ച വ്യാധി പ്രതിരോധത്തിന് സമഗ്ര പദ്ധതിയുമായി മുന്നോട്ട് വരുന്നത്. ഇതിന് മുൻകൈ എടുത്ത എറണാകുളം ജില്ലാ പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും മന്ത്രി  പ്രത്യേകം അഭിനന്ദിച്ചു.ചടങ്ങിൽ ആരോഗ്യ ഭേരി പദ്ധതി രൂപരേഖ   പ്രകാശനം ചെയ്തു. ആരോഗ്യ ഭേരി പ്രചരണത്തിനായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ ആർദ്ര സതീഷ് ഒന്നാം സ്ഥാനവും , അഭിഗേൽ അന്ന സാബു രണ്ടാം സ്ഥാനവും നേടി. വിജയികളായവർക്കുള്ള  സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

എറണാകുളം നോർത്ത് ടൗൺ ഹാളിൽ  നടന്ന പരിപാടിയിൽ  എറണാകുളം എംഎൽഎ ശ്രീ.ടി.ജെ. വിനോദ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ ഷാഹിർഷാ പദ്ധതി വിശദീകരണം നടത്തി. 
കൊച്ചി മേയർ അഡ്വ. വി കെ മിനി മോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക , മുനിസിപ്പൽ അസോസിയേഷൻ പ്രസിഡൻ്റ് രമേശ് ടി കുറുപ്പ് ,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റൊ ജേക്കബ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി,  കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിത, വിവേക് ഹരിദാസ് , ജോസഫ് മാർട്ടിൻ, ഡിവിഷൻ കൗൺസിലർ സുധാ ദിലീപ് കുമാർ, ആയുഷ് ഡി എം ഒ ഡോ സീബ, ഹോമിയോ ഡി എം ഒ ഡോ മേഴ്സി ഗോൺസാൽവസ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ കെ കെ ആശ , ഡോ കെ ആർ വിദ്യ , എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ എം എം ഹനീഷ്  , ഡെപ്യൂട്ടി ഡി എം ഒ ഡോ ആരതി കൃഷ്ണൻ, , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ഫിനാൻസ് ഓഫീസർ പി ഹനീഷ് എന്നിവർ  പങ്കെടുത്തു.

date