Skip to main content

ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു  മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനം 

 

വനിതാ-ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ഭാഗമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും കരിയർ ഓറിയൻ്റേഷൻ പരിപാടിയും  27-ന് രാവിലെ 11 ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടക്കും. വനിതാ-ശിശു വികസനം, തൊഴിൽ, ക്ഷീര വികസനം, മൃഗ സംരക്ഷണം വകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും മന്ത്രി നിർവഹിക്കും.

 

വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്  സ്വാഗതം ആശംസിക്കും. ഉമാ തോമസ് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക  മുഖ്യാതിഥിയായിരിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വാർഡ് കൗൺസിലർ നിഷാദ് സി എ., ജില്ലാ വനിതാ-ശിശു വികസന ഓഫീസർ ജെബീൻ ലോലിത സെയ്ൻ എന്നിവർ പങ്കെടുക്കും.

 

ചടങ്ങിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഘ്‌നേശ്വരി  കുട്ടികളുമായി സംവദിക്കും. തുടർന്ന് പ്രശസ്ത ബിഹേവിയറൽ ആൻഡ് കരിയർ സ്പെഷ്യലിസ്റ്റ് ഡോ. അജിത് ശങ്കർ നയിക്കുന്ന കരിയർ ഓറിയന്റേഷൻ സെഷൻ നടക്കും. ഉന്നത വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, വ്യക്തിത്വ വികസനം, ലക്ഷ്യനിർണയം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകും.

 

സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളായ കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അംഗീകരിക്കുകയും അവരുടെ ഭാവി ജീവിതത്തിനും കരിയർ മുന്നേറ്റത്തിനും പ്രചോദനവും ദിശാബോധവും നൽകലുമാണ് പരിപാടിയുടെ ലക്ഷ്യം.

date