Skip to main content

പൾസ് പോളിയോ: ജില്ലയിൽ 1.62 ലക്ഷത്തിലധികം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

 

ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി നാളെ (ജൂൺ 28)  അഞ്ച് വയസ്സുവരെയുള്ള 1,62,529 കുട്ടികൾക്ക് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ അറിയിച്ചു. ഇതിനായി 1,993 പൾസ് പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 

ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവടങ്ങളിലെ സ്ഥിരം ബൂത്തുകൾക്ക് പുറമേ  പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, മെട്രൊ സ്‌റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, മാളുകൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ദുർഘട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിത-ശിശുവികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മിഷൻ, തൊഴിൽ വകുപ്പ്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ, ഹോട്ടൽ & റെസ്റ്റോറന്റ്സ് അസോസിയേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

 

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 28)രാവിലെ ഒൻപതിന് ടി. ജെ. വിനോദ് എം.എൽ.എ ചേരാനെല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  നിർവഹിക്കും.

date