Skip to main content

ഖരമാലിന്യ പരിപാലന ചട്ടം 2026: വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ

ജില്ലയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നവർ)  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ (swm.cpcb.gov.in) രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദ്ദേശിച്ചു. ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പിലാക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായി രൂപീകരിച്ച പ്രത്യേക സെല്ലിന്റെ (സ്പെഷ്യൽ സെല്ലിന്റെ) ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20,000 ത്തിൽ അധികം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നവർ, പ്രതിദിനം 100 കിലോഗ്രാം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നവർ എന്നിവരെയാണ് ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് ആയി കണക്കാക്കുന്നത്. പി.സി.ബി.യുടെ സൈറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആയതിനാൽ ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് എത്രയും പെട്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടർ അറിയിച്ചു.

ഖരമാലിന്യ പരിപാലന ചട്ടം ജില്ലയിൽ കൃത്യമായി അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ നടത്താനും കളക്ടർ നിർദ്ദേശിച്ചു.

ജില്ലയിൽ കണ്ടെത്തിയ പഴയ മാലിന്യക്കൂമ്പാരങ്ങൾ ഉള്ള മൂന്ന് സ്ഥലങ്ങളിൽ പെട്ടെന്ന് ശാസ്ത്രീയമായി സംസ്കരണം നടത്തി അവ ഇല്ലാതാക്കുന്ന നടപടികൾ ഊർജ്ജപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ആലപ്പുഴയിലെ സർവോദയപുരം, കായംകുളം മുരിക്കുംമൂട്, മാവേലിക്കര നഗരസഭയിലെ പുതിയകാവ് എന്നിവിടങ്ങളിലാണ് മാലിന്യക്കൂമ്പാരങ്ങൾ  കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ സർവോദയപുരത്തെ മാലിന്യ സംസ്കരണം 60% ത്തോളം പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. ആർ. സുമേഷ് യോഗത്തിൽ അറിയിച്ചു. മാവേലിക്കരയിൽ സംസ്കരണ നടപടികൾ പുരോഗമിക്കുകയാണ്. കായംകുളത്തെ സംസ്കരണത്തിന് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖരമാലിന്യ സംസ്കരണ നിയമങ്ങൾ താഴെത്തട്ടിൽ നടപ്പിലാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ കീഴിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറായി പ്രവർത്തിക്കുന്ന ദൗത്യസംഘമാണ് ഈ പ്രത്യേക സെൽ. പതിനാലോളം വകുപ്പ് മേധാവികൾ ഇതിൽ അംഗങ്ങളാണ്.
കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, എൻവയോൺമെൻ്റൽ എൻജിനീയർ ആർ സരിത , ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജീവ് ചെറിയാൻ,  
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും സംസാരിച്ചു.

 

date