Skip to main content
...

അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയം: മന്ത്രി എ പി അനില്‍കുമാര്‍

 

അര്‍ഹതയുള്ളവര്‍ക്കെല്ലാം പട്ടയംനല്‍കുകയാണ് സര്‍ക്കാരിന്റെലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി എ. പി. അനില്‍ കുമാര്‍. 100 ദിന കര്‍മപരിപാടിയുടെഭാഗമായി 5000ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യും; ജില്ലയില്‍ നല്‍കുന്ന 569 പട്ടയങ്ങളും ഉള്‍പ്പെടും. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണമെന്ന് നിര്‍ദേശിച്ചു.

പട്ടിക ജാതി-വര്‍ഗ-തീരദേശ മേഖകളിലെ പട്ടയവിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കും. ജില്ലയില്‍ തരംമാറ്റാനുള്ള 4589 അപേക്ഷകള്‍ ഉള്‍പ്പടെ 25,000 എണ്ണം തീര്‍പ്പാക്കും. റവന്യൂ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കും. ഇടമുളയ്ക്കല്‍ കൊമ്പാറ്റിമലഭാഗം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ പട്ടയഅപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. പത്തനാപുരം മുട്ടത്ത്കടവ് പാലത്തിനു സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. വനഭൂമിമേഖലയില്‍ പട്ടയവിതരണത്തിന് കേന്ദ്രാനുമതിക്കായി നടപടികളെടുത്തു. പരവൂര്‍ വില്ലജിലെ മാലാകായല്‍ പ്രദേശത്തെ റെയില്‍വേ ഭൂമിയുടെ രേഖകളിലെ അപാകംപരിഹരിച്ച് പട്ടയവിതരണ നടപടികള്‍ വേഗത്തിലാക്കും. 1259 സുനാമി ഫ്‌ളാറ്റ് പട്ടയങ്ങള്‍ വിതരണംചെയ്തു.

തീരദേശമേഖലയില്‍ അവശേഷിക്കുന്ന 44 കുടുംബങ്ങളുടെ പട്ടയവിതരണവും കാലതാമസമില്ലാതെ നടത്തും. ജില്ലയില്‍ 196 അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തണം. പരവൂര്‍ നഗരസഭാ ടൗണ്‍ഹാള്‍-ഷോപ്പിങ്‌സമുച്ചയ നിര്‍മാണത്തിനായി തുടര്‍നടപടികള്‍ സ്വീകരിക്കും. തേവലക്കര വൈദ്യുതി സബ്‌സ്റ്റേഷന്‍ നിര്‍മാണം, ആശ്രാമത്ത് വെള്ളക്കെട്ട് പരിഹരിക്കാനായി ഓടനിര്‍മാണം, തിരുമുല്ലവാരം ഓഷ്യനേറിയം എന്നിവയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. കരുനാഗപ്പള്ളി-ശാസ്താംകോട്ട റെയില്‍വേമേല്‍പ്പാലനിര്‍മാണം, വാടി-തങ്കശേരി റോഡ് നിര്‍മാണം, മുണ്ടക്കല്‍-കാച്ചിക്കടവ് പാലം, കാപ്പില്‍-അഴീക്കല്‍ തീരദേശ ഹൈവേ എന്നിവ ഉടന്‍ ആരംഭിക്കും. ജില്ലയില്‍ 62 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 3587 ഭവനനാശ കേസുകള്‍ക്ക് ധനസഹായം നല്‍കി. വകുപ്പിലെ വിവിധ ഓഫിസുകളിലെ ഒഴിവുകള്‍ നികത്തുമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന്‍ അധ്യക്ഷനായി. റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ ജയശ്രീ, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, എ ഡി എം എസ് സജീദ്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date