Skip to main content
a

​​​​​​​ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്.വി.എച്ച്.എസ്  ജില്ലയില്‍  ഒന്നാം സ്ഥാനം നേടി. ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, കോന്നി ആര്‍.വി.എച്ച്.എസ് എന്നിവ  രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാതലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ് അടൂര്‍ (അടൂര്‍ സബ്ജില്ല ),  എസ്.വി.ജി. വി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍(ആറന്‍മുള സബ്ജില്ല), നേതാജി എച്ച്.എസ്.എസ് പ്രമാടം(കോന്നി സബ്ജില്ല), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ്ജില്ല), സെന്റ്. തെരേസാസ് ബി സി എച്ച്.എസ്.എസ് ചെങ്ങരൂര്‍(മല്ലപള്ളി സബ്ജില്ല), സെന്റ് പോള്‍സ് നരിയാപുരം(പന്തളം സബ്ജില്ല), എംടി.എച്ച്.എസ്.എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്.എസ്. വള്ളംകുളം (പുല്ലാട് സബ്ജില്ല), എസ്.എന്‍. ഡി.പി.എച്ച്.എസ്. വെണ്‍ കുറുഞ്ഞി( റാന്നി സബ്ജില്ല ),  സെന്റ്. തോമസ് എച്ച്.എസ്.എസ് ഇരുവെള്ളിപ്ര(തിരുവല്ല സബ് ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു. എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.  പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ  കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.

ചിത്രം: പൊങ്ങലടി എസ്.വി.എച്ച്.എസ്

date