Skip to main content

ലഹരിക്കെതിരെ പോരാടാന്‍ 'കെയര്‍' വോളന്റിയര്‍മാര്‍

ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അടിയന്തിര സഹായവും പുനരധിവാസവും ഉറപ്പാക്കുന്ന 'കെയര്‍'പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കെയര്‍ പദ്ധതി കമ്മിറ്റി യോഗത്തിലാണ് പദ്ധതി ജനകീയമാക്കുന്നതിനും ലഹരി വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാക്കുന്നതിനുമുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും മലപ്പുറം ജില്ലാ ട്രോമാ കെയറുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സേവനം താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. 

 

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കെയര്‍ വോളന്റിയര്‍മാരുടെ സേവനം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകള്‍ വഴി വാര്‍ഡ് തലങ്ങളില്‍ വരെ ലഹരിവിരുദ്ധ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സുഗമമാക്കുന്നതിനുമായി എല്ലാ വകുപ്പുകളിലും പ്രത്യേക 'നോഡല്‍ ഓഫീസര്‍മാരെ' നിയമിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ഇത് വഴി അടിയന്തിര സാഹചര്യങ്ങളില്‍ പെടുന്നവര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നുള്ള സഹായങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. 2024 ഓഗസ്റ്റ് മുതല്‍ ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ പദ്ധതി വഴി ഇതിനകം നിരവധി പേര്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കെയര്‍ വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date